- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആ ആനക്കള്ളന്മാരെ എൻഐഎ ബിഹാറിൽ നിന്നും രാജസ്ഥാനിൽ നിന്നും പൊക്കി; വിമാന വാഹിനിക്കപ്പലിൽ മോഷണം നടത്തിയ യുവാക്കളെ പിടികൂടിയത് 5000ത്തോളം വിരലടയാളങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനകൾക്കൊടുവിൽ: രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുമായി മുങ്ങിയ തസ്‌ക്കര വീരന്മാരെ പൊക്കിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ
ന്യൂഡൽഹി: വിമാനവാഹിനിക്കപ്പലിൽ മോഷണം നടത്തിയ ആ ആനക്കള്ളന്മാരെ എൻഎഐ പിടികൂടി. കൊച്ചിൻ ഷിപ്പ്‌യാർഡിൽനിന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുമായി മുങ്ങിയ തസ്‌ക്കര വീരന്മാരെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ബിഹാറിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. സുമിത് കുമാർ സിങ്(23), ദയ റാം (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വർഷം ജൂൺ, സെപ്റ്റംബർ മാസങ്ങൾക്കിടയിലാണ് ഇലക്ട്രോണിക് ഹാർഡ്വെയറുകളുൾപ്പെടെയുള്ള രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്. ബിഹാറിൽനിന്നും രാജസ്ഥാനിൽ നിന്നുമാണ് എൻഐഎ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, കംപ്യൂട്ടർ പ്രൊസസർ, റാം, ഡ്രൈവുകൾ തുടങ്ങിയവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. ഒക്ടോബറിലാണ് കേരള പൊലീസിൽ നിന്നും കേസ് എൻഐഎ ഏറ്റെടുത്തത്. നിരവധി സംസ്ഥാനങ്ങളിലായി വിപുലമായ അന്വേഷണമാണ് എൻഐഎ നടത്തിയത്.
സുമിത് കുമാർ ബിഹാറിലെ മുൻഗെർ ജില്ലയിൽ നിന്നും ദയ റാം രാജസ്ഥാനിലെ ഹനുമാൻഗാവ് ജില്ലയിൽ നിന്നുമാണ് അറസ്റ്റിലായത്. സുമിത് കുമാർ സിങ്ങും ദയ റാമും കരാർ തൊഴിലാളികളായാണ് ഷിപ്പ്‌യാർഡിൽ എത്തിയത്. അറ്റകുറ്റപ്പണി നടക്കുന്ന വിമാനവാഹിനിക്കപ്പലിലെ പെയിന്റിങ് ജോലി ഇവരാണ് ചെയ്തിരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം.
മോഷണം നടത്തിയ ശേഷം ഇവർ സ്വന്തം നാട്ടിലേക്ക് കടന്നു. മോഷണത്തെക്കുറിച്ച് യാതൊരു സൂചനയും ആദ്യഘട്ടത്തിൽ ലഭ്യമായിരുന്നില്ല. മോഷണം നടന്ന കാലയളവിൽ ഷിപ്പ്‌യാർഡിൽ ജോലി ചെയ്തിരുന്ന 5000 തൊഴിലാളികളുടെ വിരലടയാളം എൻഐഎ പരിശോധിച്ചു. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തു. ഒടുവിൽ മോഷണത്തെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ മാസങ്ങൾക്ക് മുമ്പാണ് പ്രതികൾ കേരളം വിട്ടതായി എൻഐഎ്ക്ക് തുമ്പ് ലഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ