ന്യൂയോർക്ക്: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു ഉത്തര കൊറിയൻ കപ്പൽശാലയുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ സൂചന നൽകുന്നത്. ഒരു ഇടത്തരം ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ ഇത് സൂചിപ്പിക്കുന്നു. അമേരിക്കൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള ഒരുക്കങ്ങൽ അന്തർവാഹിനിയിൽ നടക്കുന്നതായാണ് റിപ്പോർട്ട്.

അന്തർവാഹിനിക്കുള്ളിൽ നടക്കുന്നത് ന്യൂക്ലിയർ മിസൈൽ നിർമ്മാണമാണെന്ന അഭ്യൂഹം ശക്തമാണ്. കടലിനുള്ളിൽ നിന്ന് അമേരിക്കയെ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ കഴിയുന്ന ന്യൂക്ലിയർ മിസൈലാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് യുന്നിന്റെ നിർദ്ദേശ പ്രകാരം തയ്യാറാക്കുന്നതെന്നതാണ് സൂചന.

യുഎസിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്താൻ ശേഷിയുള്ള ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഹ്വസോങ്ങെന്നും പരീക്ഷണം ഉത്തര കൊറിയ വിജയകരമായി നടത്തിയെന്നുമുള്ള സമീപകാല വാർത്തകളും ആശങ്കയ്ക്കു ബലം പകർന്നു. ഉത്തര കൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്വസോങ് പക്ഷേ യുഎസിലേക്ക് തൊടുക്കാനാകുമോയെന്ന് വ്യക്തമല്ല. ഈ മിസൈൽ പരിഷ്‌കരിച്ച് അമേരിക്കയെ റേഞ്ചിലേക്ക് കൊണ്ടു വരാനാണ് നീക്കം.

ഉത്തര കൊറിയയിൽനിന്ന് 6400ലേറെ മൈൽ ദൂരെ യുഎസിലേക്ക് എത്താൻ ശേഷിയുള്ള മിസൈൽ കിമ്മിന്റെ മിസൈൽ വിദഗ്ദ്ധർ വികസിപ്പിച്ചെടുത്തതായാണു പുതിയ റിപ്പോർട്ട്. പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടിച്ചെടുക്കാനാകാത്ത വിധം, ശബ്ദത്തേക്കാൾ പതിന്മടങ്ങു വേഗതയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വികസിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ പദ്ധതി ഇപ്പോഴും കടലാസിലാണ്. യുഎസ് മെയിൻ ലാൻഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്ന വിലയിരുത്തലും സജീവമാണ്.

അതിനു തെളിവായി ഇക്കഴിഞ്ഞ 3 വർഷത്തെ ഉത്തര കൊറിയയുടെ മിസൈൽ സാങ്കേതികതയിലെ വിജയം മാത്രം മതിയെന്നും അവർ പറയുന്നു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതായിരിക്കും ഈ മിസൈൽ എന്നാണു റിപ്പോർട്ട്. ഈ മിസൈൽ നിർമ്മാണമാണ് കപ്പൽശാലയിൽ നടക്കുന്നതെന്നാണ് അഭ്യൂഹം.