പാലാ: അദ്ധ്യാപകദിനത്തിൽ ശ്രേഷ്ഠ അദ്ധ്യാപകർക്ക് ആദരവുമായി മാണി സി കാപ്പൻ എം എൽ എ. പാലാ മണ്ഡലത്തിൽ പ്ലസ്ടു - പത്താം ക്ലാസ് പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളിൽ എത്തിയാണ് അദ്ധ്യാപകരെ എം എൽ എ ആദരിച്ചത്.

ഏറ്റവും മഹത്തരമായ കർമ്മമാണ് അദ്ധ്യാപനമെന്ന് മാണി സി കാപ്പൻ പറഞ്ഞു. അദ്ധ്യാപകരെ ആദരിക്കുന്ന സമൂഹം മഹത്തായ പാരമ്പര്യമാണ് തുടരുന്നതെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

പാലാ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ, ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌കൂൾ, കുടക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, രാമപുരം എസ് എച്ച് ജി എസ്, മാനത്തൂർ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, കുറുമണ്ണ് സെന്റ് ജോൺസ് എച്ച് എസ്, ചാവറ പബ്‌ളിക് സ്‌കൂൾ എന്നിവിടങ്ങളിൽ എത്തിയ എം എൽ എ അദ്ധ്യാപകരെ ആദരിക്കുകയും പ്രശംസാപത്രം നൽകുകയും ചെയ്തു. സ്‌കൂളുകളിൽ പ്രധാനാധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് എം എൽ എ യെ സ്വീകരിച്ചു.

വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ ടി വി ജോർജ്, തങ്കച്ചൻ മുളകുന്നം, എബി ജെ ജോസ്, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു. കുടക്കച്ചിറ സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ മാത്യു കാലായിൽ, ഹെഡ്‌മിസ്ട്രസ് ലൈസമ്മ തോമസ് എന്നിവർ ചേർന്നു പ്രശസ്തിപത്രം ഏറ്റുവാങ്ങി.