പാലാ: കുട്ടനാട്, പാലാ സീറ്റുകൾ മോഹിച്ചുകൊണ്ട് ആരും വരേണ്ടതില്ലെന്ന് എൻ സി പി നേതാവ് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കുട്ടനാട് തോമസ് ചാണ്ടി വിജയിച്ചു വന്ന സീറ്റാണ്. പാലാ അമ്പത്തിരണ്ടു വർഷത്തെ പോരാട്ടത്തിന് ശേഷം പിടിച്ചെടുത്തതാണ്. മൂന്നു തവണ താൻ മത്സരിച്ച ശേഷം നാലാമതാണ് വിജയിച്ചത്.

കുട്ടനാട്ടിൽ തോമസ് കെ തോമസിന്റെ പേര് പാർട്ടിയും മുന്നണിയും നേരത്തെ തീരുമാനിച്ചതാണ്. അതിന് മാറ്റം ഉണ്ടാവേണ്ട കാര്യം ഇല്ല.

ജോസ് കെ മാണി വിഭാഗം വരുന്നത് സംബന്ധിച്ചു ചർച്ചയൊന്നും നടന്നിട്ടില്ല. എൽ ഡി എഫിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ, കുട്ടനാടും പാലായും മോഹിച്ചു കൊണ്ടാവരുത്. തോറ്റ സീറ്റുകൾ ജയിച്ച കക്ഷിയിൽ നിന്നും തോറ്റ കക്ഷിക്കു വേണമെന്നു പറയാൻ എങ്ങനെ സാധിക്കുമെന്ന് മാണി സി കാപ്പൻ ചോദിച്ചു. പാലായിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് കാപ്പൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജയിച്ചാൽ തന്നെ മണ്ഡലത്തിൽ കാണില്ലെന്ന പ്രചാരണം നടത്തിയവർ തന്നെ തട്ടിയിട്ടു പാലായിൽ നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോൾ പറയുന്നത്.

തെരഞ്ഞെടുപ്പിനെ നേരിടാൻ എൻ സി പി യും ഇടതുമുന്നണിയും സജ്ജമാണെന്നും മാണി സി കാപ്പൻ കൂട്ടിചേർത്തു.