- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസിടിവിയിൽ കുടുങ്ങാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് വെച്ച് മോഷണം; നടത്തം നോക്കി ആളെ തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി
കോഴിക്കോട്: സിസിടിവിയിൽ കുടുങ്ങാതിരിക്കാൻ മുഖം മറച്ച് നഗരത്തിൽ മോഷണത്തിനിറങ്ങിയ പ്രതിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പൊക്കി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ നടത്തത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയാണ് പൊലീസ് പ്രതിയെ പൊക്കിയത്. കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാൾക്കൊപ്പം മറ്റൊരു മോഷണത്തിൽ പങ്കാളിയായ കൂട്ടാളിയെയും പൊലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫ്(33) അരക്കിണർ സ്വദേശി ഷാനിൽ(25) എന്നിവരെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്.
അൽത്താഫിന് വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. രണ്ടാംഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിലാണ് അൽത്താഫിനായി പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു മോഷണം. എന്നാൽ യുവാവിന്റെ നടത്തത്തിലെ ചില രീതികൾ ശ്രദ്ധിച്ച പൊലീസിന് അൽത്താഫാണ് മോഷണത്തിന് പിന്നിലെന്ന സംശയമുണർന്നു. തുടർന്ന് പ്രതിയെ തിരഞ്ഞ പൊലീസ് സംഘം അൽത്താഫിനെയും ഷാനിലിനെയും ഒരുമിച്ച് പിടികൂടുകയായിരുന്നു.
പ്രതികളുടെ കൈയിൽനിന്ന് രണ്ട് എയർ പിസ്റ്റളുകളും കണ്ടെടുത്തു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ കടയിൽനിന്നാണ് ഇവർ പിസ്റ്റളുകൾ മോഷ്ടിച്ചത്. ഇതിന് കസബ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വർഗീസ് ഒളിവിലാണ്. ഡി.സി.പി. സുജിത്ത് ദാസ്, സൗത്ത് എ.സി.പി. എ.ജെ. ബാബു എന്നിവരുടെ നിർദേശമനുസരിച്ച് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എ.ഉമേഷ്, എസ്‌ഐ.മാരായ കെ.ടി. ബിജിത്, വി.വി. അബ്ദുൽ സലീം, എഎസ്ഐ. മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജേഷ്, അനൂജ് , മുഹമ്മദ് ഷാഫി,പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.