- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ വാഹനം ഓടിച്ചയാൾക്കായി തിരച്ചിൽ തുടരുന്നു; ഡിആർഐ കസ്റ്റഡിയിലെടുത്ത രണ്ട് താൽക്കാലിക ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ വാഹനം ഓടിച്ചയാൾക്കായി തിരച്ചിൽ തുടരുന്നു. കേസിൽ അറസ്റ്റിലായ രണ്ടു താൽക്കാലിക ജീവനക്കാരെ ഡിആർഐ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കള്ളക്കടത്ത് സ്വർണം പുറത്തെത്തിക്കാൻ ഇവർ സഹായിച്ചുവെന്നാണ് നിഗമനം. കരിപ്പൂർ വിമാനത്താവളത്തിനടുത്ത് ഡിആർഐ സംഘത്തെ വാഹനം ഇടിച്ചുതെറിപ്പിച്ചശേഷം രക്ഷപെടാനായിരുന്നു സ്വർണക്കടത്തു സംഘത്തിന്റെ ശ്രമം.
എന്നാൽ തൊട്ടുപിന്നാലെ കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു നിന്നു. ഇതോടെ ഒരു പ്രതി പിടിയിലായി. കാറിൽ നിന്നും നാലു കിലോയോളം സ്വർണം പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് സ്വർണവുമായി വന്ന കാറിനെ പിന്തുടർന്ന ഡിആർഐ ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ടു ബൈക്കുകളിൽ ഒന്നാണ് ഇടിച്ചു തെറിപ്പിച്ചത്. ബൈക്ക് പൂർണമായും തകർന്നു.
സ്വർണക്കടത്തുകാരുടെ കാർ നിർത്താൻ കൈ കാട്ടിയതിനു പിന്നാലെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു നിന്നതോടെ ഒരു പ്രതി പിടിയിലായി.ഡിആർഐ ഉദ്യോഗസ്ഥൻ ആൽബർട്ട് ജോർജും ഡ്രൈവർ നജീബും സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കൊടുവള്ള സ്വദേശി നിസാറാണ് അറസ്റ്റിലായത്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ഇടിപ്പിച്ച കാറോടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പരിസരത്തെ ഒരു വീട്ടിൽ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. അപകടസ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വർണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊർങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസതതയിലുള്ള കാറിലാണ് സ്വർണം കടത്തിയത്.