- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരിച്ചു വരവിന്റെ പാതയിൽ ഇന്ത്യൻ വാഹന വിപണി; കോവിഡ് കാലത്ത് ആളുകൾ വ്യക്തിഗത വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങിയതോടെ ഏറെ പ്രതീക്ഷയിൽ ഇന്ത്യൻ വിപണി
തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ വേഗത്തിൽ പ്രകടിപ്പിച്ച് ഇന്ത്യൻ വാഹന വിപണി ഉണരുന്നു. കോവിഡ് കാലത്ത് ആളുകൾ യാത്രചെയ്യാൻ സ്വന്തം വാഹനം എന്ന തീരുമാനത്തിലേക്ക് എത്തിയതാണ് ഇന്ത്യൻ മോട്ടോർ വാഹന വിപണിക്ക് പ്രതീക്ഷയായിരിക്കുന്നത്. ഇന്ത്യൻ വാഹനവിപണി പ്രതീക്ഷിച്ചതിലും വേഗം തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതായി സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കി.
ലോക്ഡൗൺ ഇളവുകൾ വന്നതോടെ ആളുകൾ പൊതുവാഹനങ്ങൾക്കു പകരം വ്യക്തിഗത വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ഇത് വാഹനവിപണിക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വാഹനഘടക നിർമ്മാതാക്കളുടെ അസോസിയഷന്റെ (എ.സി.എം.എ.) വാർഷികയോഗത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ തുടർച്ചയായ രണ്ടാംവർഷവും ഇന്ത്യയിൽ വാഹനവിൽപ്പനയിൽ കുറവുണ്ടായേക്കും. ആദ്യപാദത്തിൽ വിൽപ്പനയിൽ 75 ശതമാനംവരെ കുറവുണ്ടായി. 2019-20 സാമ്പത്തികവർഷം വിൽപ്പനയിലെ ഇടിവ് 18 ശതമാനം വരെയായിരുന്നു.
എന്നാൽ ഇനി വാഹന വിപണി ഉണർവിന്റെ പാതയിലാകും സഞ്ചരിക്കുക. പുതിയ സാഹചര്യത്തിൽ വർഷം ഒരുകോടി വിൽപ്പനയെന്ന നേട്ടത്തിലേക്ക് എത്തണമെങ്കിൽ 2030 വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അഞ്ചുവർഷത്തിനകം അഞ്ചുലക്ഷം കോടി ഡോളറിന്റെ സമ്പദ്വ്യവസ്ഥയാകുമെന്നുള്ള സർക്കാർ പ്രഖ്യാപനം ഉത്പാദനമേഖലയിൽ വലിയ വളർച്ചയ്ക്ക് കളമൊരുക്കും. വാഹനമേഖലയിലും ഇത് പ്രതിഫലിക്കും. മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർഭാരത് പദ്ധതികളുടെ ചുവടുപിടിച്ച് വാഹനഘടകങ്ങൾ പരമാവധി ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ കമ്പനി നടപടികൾ തുടങ്ങി.
ഇന്ത്യയിലെ വാഹനഘടക നിർമ്മാതാക്കൾ ഗവേഷണത്തിനും ശേഷിവികസനത്തിനുമായി കൂടുതൽ നിക്ഷേപം നടത്തണം. ഇന്ത്യയെ കയറ്റുമതി ഹബ്ബായി മാറ്റുന്നതിന് ഇത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനഘടക ഉത്പാദനത്തിൽ ഇന്ത്യക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുമെന്ന് ഹീറോ മോട്ടോകോർപ് സി.എം.ഡി.യും സിഇഒ.യുമായ പവൻ മുൻജാൾ പറഞ്ഞു.