തിരുവനന്തപുരം: ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ബ്ലഡ് ഫ്‌ളോ മീറ്റർ കുറഞ്ഞ ചെലവിൽ നിർമ്മിച്ച് ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്. ശസ്ത്രക്രിയകൾക്കിടെ ഹൃദയ രക്തപ്രവാഹ നിരക്കു കണക്കാക്കാൻ ഇറക്കുമതി ചെയ്യുന്ന 30 ലക്ഷം രൂപ വരെ വിലയുള്ള മീറ്ററുകളാണ് നിലവിൽ ആശുപത്രിയിൽ ഉപയോഗിക്കുന്നത്. ഇതിന് പകരം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ മാത്രം ചെലവു വരുന്ന മീറ്ററുകളാണു ശ്രീചിത്ര വികസിപ്പിച്ചത്. മീറ്ററുകൾ വ്യവസായാടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാങ്കേതികവിദ്യ കൊച്ചിയിലെ എൻപ്രൊഡക്ട്‌സിനു കൈമാറി.

ഇവ വിപണിയിലെത്തുന്നതോടെ ചെറിയ ആശുപത്രികൾക്കും ബ്ലഡ് ഫ്‌ളോ മീറ്ററുകൾ വാങ്ങാനും ഹൃദയ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമാക്കാനും വഴിയൊരുങ്ങുമെന്നു ശ്രീചിത്ര ഡയറക്ടർ ഡോ.ആശ കിഷോർ പറഞ്ഞു. കാന്തിക മണ്ഡലം ഉണ്ടാക്കുന്നതിനുള്ള സംവിധാനം, ഇലക്ട്രോണിക് മെഷർമെന്റ് സിസ്റ്റം, ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള ട്യൂബ് എന്നിവയാണു പ്രധാന ഭാഗങ്ങൾ. കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്തിൽ ട്യൂബിലൂടെ രക്തം കടന്നുപോകുമ്പോൾ ഇലക്ട്രോഡുകൾക്കിടയിൽ വോൾട്ടേജ് രൂപപ്പെടും. ഇതു രക്തപ്രവാഹ നിരക്കിന് ആനുപാതികമായിരിക്കും.

ശ്രീചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ മെഡിക്കൽ ഡിവൈസസ് എൻജിനീയറിങ് വകുപ്പിലെ ഗവേഷകരായ ശരത് എസ്.നായർ, വി.വിനോദ് കുമാർ, വി. ശ്രീദേവി, ഡി.എസ്.നാഗേഷ് എന്നിവരടങ്ങിയ സംഘമാണു ബ്ലഡ് ഫ്‌ളോ മീറ്റർ വികസിപ്പിച്ചെടുത്തത്. പേറ്റന്റിനായി ശ്രീചിത്ര അപേക്ഷ സമർപ്പിച്ചു.