ഷിക്കാഗോ: പുതുതായി ചാർജെടുത്ത കോൺസൽ ജനറൽ ഓഫ് ഇന്ത്യ അമിത് കുമാറിന് ഗോപിയോ ഷിക്കാഗോ ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, ഫെഡറേഷൻ ഓഫ് അസോസിയേഷൻ (എഫ്.ഐ.എ) ബോർഡ് ഓഫ് ട്രസ്റ്റിയും, മുൻ പ്രസിഡന്റുമായ കീർത്തി കുമാർ റാവൂരിയുടേയും നേതൃത്വത്തിൽ ഷിക്കാഗോയിലുള്ള കോൺസൽ ജനറൽ ഓഫീസിൽ വച്ചു സ്വീകരണം നൽകി.

അമിത് കുമാർ കാൺപൂർ ഐഐടിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് ഐഎഫ്എസ് ലഭിച്ചു. ഷിക്കാഗോ കോൺസുലേറ്റിൽ എത്തുന്നതിനു മുമ്പ് ബെയ്ജിങ്, ബെർലിൻ, യുണൈറ്റഡ് നേഷൻസ്- ന്യൂയോർക്ക്, എംബസി ഓഫ് ഇന്ത്യ- വാഷിങ്ടണ് ഡി.സി എന്നിവിടങ്ങളിൽ ഡിപ്ലോമാറ്റ് ആയി ജോലി നോക്കിയിട്ടുണ്ട്.

ഷിക്കാഗോ കോൺസുലേറ്റിന്റെ ചുമതലയിൽ ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മിഷിഗൺ, മിനസോട്ട, മിസോറി, നോർത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങൾ വരും.

ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രവർത്തനങ്ങൾ, അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യക്കാരുടെ പങ്ക്, അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ, ഇന്ത്യൻ സമ്പദ്ഘടന, അമേരിക്കൻ സമ്പദ്ഘടന, കോവിഡ് മൂലം ഇന്ത്യൻ കോൺസുലേറ്റിൽ വരുത്തുന്ന പുതിയ മാറ്റങ്ങൾ, ഇന്ത്യയിലേക്കുള്ള പുതിയ യാത്രാസൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു.

കോവിഡ് 19 മൂലം ഗവൺമെന്റ് നിർദ്ദേശം പാലിച്ച് കോൺസുലേറ്റിലെ സേവനങ്ങൾ ഓൺലൈനായിട്ടാണ് ലഭിക്കുന്നതെന്നും ഓണത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോൺസുലേറ്റിലെ എല്ലാ ജീവനക്കാരേയും ഉൾപ്പെടുത്തി ഗംഭീര ഓണസദ്യ നടത്തിയതായും അദ്ദേഹം അറിയിച്ചു.