- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദാ 'ഹറാസാത്ത് റിസോർട്ട്' ഭീകര വേട്ട: സംഘത്തിലെ മൂന്ന് പ്രതികൾക്ക് വധശിക്ഷ, ആറ് പേർക്ക് തടവ്; പതിനാല് വിദേശികൾ ഉൾപ്പെടെ നാല്പത്തിയാറ് പേരാണ് പിടിയിലായത്; അന്വേഷണം തുടരുന്നു
ജിദ്ദ: 2017 ജനുവരിയിൽ കിഴക്കൻ ജിദ്ദയിലെ ഹറാസാത്ത് ഏരിയയിലുള്ള ഒരു റിസോർട്ട് കേന്ദ്രമായി നടന്ന ഭീകരവേട്ടയിൽ പ്രതികളായവർക്കുള്ള പ്രാരംഭ ശിക്ഷാവിധി റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി പുറപ്പെടുവിച്ചു. മൂന്ന് പ്രതികൾക്ക് വധശിക്ഷയും മറ്റ് ആറ് പ്രതികൾക്ക് തടവ് ശിക്ഷയുമാണ് ഞായറാഴ്ച ഉണ്ടായ കോടതി വിധി. പ്രതികളെല്ലാം അറബ് പൗരന്മാരാണ്. ഇവരിൽ ഒരാളൊഴികെ മറ്റെല്ലാവരും സ്വദേശികളുമാണ്.
ആദ്യ മൂന്ന് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യങ്ങളുടെ കടുപ്പം അനുസരിച്ച് ഇരുപത്തിയഞ്ച് മുതൽ എട്ട് വരെ വർഷം തടവ് ശിക്ഷയാണ് ആറ് പ്രതികൾക്കായി കോടതി വിധിച്ചത്.
ഹറാസാത്ത് ഭീകര സംഘത്തിൽ നാല്പത്തിയാറ് പേരാണ് അറസ്റ്റിലായത്. ഇതിൽ മുപ്പത്തി രണ്ട് പേർ സൗദി പൗരന്മാരും പതിനാല് പേർ വിദേശികളുമാണ്. പാക്കിസ്ഥാൻ, യമൻ, അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, ജോർദാൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ വിദേശികൾ. ഇവരെ കുറിച്ചും ഇവരുൾപ്പെട്ട ഭീകര നീക്കങ്ങൾ സംബന്ധിച്ചുമുള്ള അന്വേഷങ്ങൾ തുടരുകയാണ്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനെ പിന്തുണച്ചിരുന്ന പ്രതികൾ സുരക്ഷാ ഉദ്യോഗസ്ഥരെ വകവരുത്താനും ജിദ്ദയിലെ സുരക്ഷാ ആസ്ഥാനങ്ങൾ തകർക്കാനുമുള്ള പദ്ധ്വതികൾ ആവിഷ്‌കരിച്ച് നീങ്ങുകയായിരുന്നുവെന്നും മുമ്പ് നടന്ന പല ഭീകരാക്രമണങ്ങളിലും സംഘത്തിനുള്ള പങ്ക് തെളിഞ്ഞതായും വിധി പ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.
ഹറാസാത്ത് ഏരിയയിലെ വിശ്രമ കേന്ദ്രം ആക്രമണങ്ങൾക്കുള്ള താവളവും ഭീകരർക്കുള്ള അഭയകേന്ദ്രവുമായാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവിടെ നിന്ന് തോക്കുകൾ, ബെൽറ്റ് ബോമ്പുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള സാമഗ്രികകളും നിരവധി ആയുധങ്ങളും ആക്രമണങ്ങളിൽ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ഭീകരരാണ് സംഭവത്തിൽ ഹറാസാത്ത് റിസോർട്ടിൽ വെച് ചാവേറുകളായി പൊട്ടിത്തെറിച്ചത്. സുരക്ഷാ വിഭാഗം നടത്തിയ റൈഡിനെ തുടർന്നായിരുന്നു ഭീകരരുടെ ചാവേർ സ്‌ഫോടനം.
സുരക്ഷാ വിഭാഗത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് സംശയിച്ച് ഹറാസാത്ത് സംഘം അവരുടെ കൂട്ടത്തിൽ പെട്ട ഒരാളെ താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്തുകൊലപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനുള്ള അനുമതി സംഘം വിദേശത്തുള്ള ഭീകര നേതൃത്വത്തിൽ നിന്ന് നേടിയിരുന്നു. ഹറാസാത്ത് ഏരിയയിലെ താമസ സ്ഥലത്തു വച്ചാണ് ഈ കൃത്യവും സംഘം നടത്തിയത്. ഇതിനു ശേഷം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിചെങ്കിലും അഴുകി ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ മൃതദേഹം കാർപറ്റിൽ പൊതിഞ്ഞ് ഹറാസാത്ത് റിസോർട്ടിൽ എത്തിക്കുകയും കുഴിച്ചു കൂടുകയുമുണ്ടായി. ഈ മൃതദേഹം പിന്നീട് സുരക്ഷാ വിഭാഗം കണ്ടെത്തുകയും ചെയ്തു.
ബെൽറ്റ് ബോംബ് നിർമ്മാണ വിദഗ്ധനായ ഭീകരന്റേതാണ് കണ്ടെടുത്ത മൃതദേഹമെന്ന് ഡി എൻ എ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു.
2016 ജൂലൈ നാലിന് (ആ വർഷം റംസാൻ മാസാന്ത്യം) മദീനയിലെ ഹറം ശരീഫ് പള്ളിക്ക് നേരെ ഇഫ്താർ നേരത്തുണ്ടായ ഭീകരാക്രമണത്തിൽ ഹറാസാത്ത് സംഘത്തിന് പങ്കുള്ളതായി ആഭ്യന്തര വകുപ്പ് കണ്ടെത്തിയിരുന്നു. പള്ളിയുടെ സമീപത്തായുള്ള കാർ പാർക്കിംഗിൽ സ്വയം പൊട്ടിത്തെറിച്ച ചാവേറിന് ബെൽറ്റ് ബോമ്പ് എത്തിച്ചത് ഇവരായിരുന്നു. സ്ഫോടനത്തിൽ ഭീകരന് പുറമെ നാലു സുരക്ഷാ സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അഞ്ചു സുരക്ഷാ ഭടന്മാർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി.
തൊട്ടടുത്ത ദിവസം തന്നെ ജിദ്ദയിലെ ഡോ. സുലൈമാൻ ഫഖീഹ് ആശുപത്രി പാർക്കിങ് ഏരിയയിൽ ഉണ്ടായ സ്ഫോടനത്തിൽ ചാവേറിനും ബെൽറ്റ് ബോംബ് എത്തിച്ചത് ഹറാസാത്ത് സംഘം തന്നെയാണ്. ഒരു പാക്കിസ്ഥാൻ പൗരനായിരുന്നു സംഭവത്തിലെ ചാവേർ. അയാൾ ഉദ്യേശിച്ച ആക്രമണത്തിന് സുരക്ഷാ വിഭാഗത്തിന്റെ സമയോചിത നടപടികൾ മൂലം സാധിക്കാതെ കൊല്ലപ്പെടുകയായിരുന്നു.