- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടു പുനർമൂല്യനിർണ്ണയ മാർക്കുകൾക്കായി വിദ്യാർത്ഥികളെ നെട്ടോട്ടമോടിച്ച് വിദ്യാഭ്യാസ വകുപ്പ്
ഹയർ സെക്കണ്ടറി പുനർമൂല്യനിർണ്ണയത്തിന്റെ മാർക്കുകൾക്കായി നെട്ടോട്ടമോടി വിദ്യാർത്ഥികൾ. രണ്ടാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിൽ മാർക്കുകൾ വർധിച്ച വിദ്യാർത്ഥികൾക്ക് അതെത്രയെന്ന് അറിയാൻപോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. പുനർമൂല്യനിർണ്ണയ ഫലപ്രഖ്യാപനത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും മാർക്കുകൾ പരീക്ഷാ വിഭാഗം ഹയർ സെക്കണ്ടറിയുടെ ഔദ്യോഗിക വെബ് പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. രണ്ടാം വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ ഇക്കഴിഞ്ഞ ദിവസമാണ് സ്‌കൂൾ അധികൃതർക്ക് ലഭ്യമായത്.
വിദ്യാർത്ഥികൾ പഴയ മാർക്ക് ലിസ്റ്റുകൾ തിരുവനന്തപുരത്തെ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ എത്തിച്ച് സറണ്ടർ ചെയ്താൽ പുതിയ മാർക്കുകൾ ചേർത്ത മാർക്ക് ലിസ്റ്റ് ലഭ്യമാക്കുമെന്നാണ് ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മൂവായിരത്തിലധികം വരുന്ന വിദ്യാർത്ഥികൾക്കാണ് പുനർമൂല്യനിർണ്ണയത്തിൽ മാർക്കുകൾ വർധിച്ചിരിക്കുന്നത്. കോവിഡ് ലോക്ക് ഡൗൺ മൂലം യാത്രാ സൗകര്യങ്ങൾ പരിമിതമായ സാഹചര്യത്തിൽ ഇത്രയും വിദ്യാർത്ഥികൾ തിരുവനന്തപുരത്തെ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിലെത്തി മാർക്ക് ലിസ്റ്റ് മാറ്റി വാങ്ങിക്കുകയെന്നത് അപ്രായോഗികമാണ്.
ഉയർന്ന ഫീസ് നൽകി നടത്തിയ പുനർമൂല്യനിർണ്ണയം വഴി വർധിച്ച മാർക്കുകൾ ഒദ്യോഗിക പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തതുമൂലം വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ഈ മാർക്കുകൾ പ്രയോജനപ്പെടാതെ വന്നിരിക്കുകയാണ്. മിക്ക യൂണിവേഴ്‌സിറ്റികളിലും ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ചതു കാരണം പുനർമൂല്യനിർണ്ണയം വഴി ലഭിച്ച ഉയർന്ന മാർക്കുകൾ പ്രവേശനത്തിന് ഉപകാരപ്പെടാതെ വിഷമിക്കുകയാണ് വിദ്യാർത്ഥികൾ. വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവത്തിനും കെടുകാര്യസ്ഥതക്കും വിദ്യാർത്ഥികൾ ഇരകളാകേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കണമെന്ന് ഹയർ സെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്ജ് പറഞ്ഞു.
പുനർമൂല്യനിർണ്ണയം വഴി മാർക്കുകൾ വർധിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ അതത് പ്രിൻസിപ്പൽമാരിൽ നിന്നും ഓൺലൈനായി സ്വീകരിച്ച് പുതുക്കിയ മാർക്ക് ലിസ്റ്റുകൾ വിദ്യാർത്ഥികൾക്ക് അടിയന്തിരമായി ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്ന് എച്ച് എസ് എസ് ടി എ സംസ്ഥാന നേതാക്കളായ ആർ രാജീവൻ, അനിൽ എം ജോർജ്, എം സന്തോഷ് കുമാർ എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.