കൊൽക്കത്ത: അണ്ടർ 20 ഫുട്‌ബോൾ താരം അൻവർ അലി കളിക്കളം വിടുന്നു. ജന്മനാ ഹൃദയത്തിനു തകരാറുള്ള അൻവർ അലി ഫുട്‌ബോൾ കളി തുടരുന്നത് ജീവന് തന്നെ ആപത്താണ് എന്നതിനാലാണ് കളിക്കളം വിടാനൊരുങ്ങുന്നത്. ഇരുപതുകാരനോടു ഫുട്‌ബോൾ കളി ഉപേക്ഷിക്കാൻ ആവശ്യപ്പെടാനിരിക്കുകയാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ.

മുഹമ്മദൻസ് സ്‌പോർട്ടിങ് താരമായ അൻവർ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോർട്ടുകൾ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തു. ഡോ. വീസ് പെയ്‌സ് തലവനായ സ്പോർട്സ് മെഡിക്കൽ കമ്മിറ്റിയാണ് അൻവർ കളി തുടരുന്നത് അപകടമാണെന്നു നിർദ്ദേശം നൽകിയത്. മുൻപു ഫ്രാൻസിൽ പോയി നടത്തിയ പരിശോധനയിൽ അൻവറിനു രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് താരമായ അൻവർ ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിൽ അംഗമായിരുന്നു.