ഭോപ്പാൽ: കളക്ടർ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് തലകുത്തി നിന്ന് കോൺഗ്രസ് എംഎൽഎയുടെ പ്രതിഷേധം. മധ്യപ്രദേശിലാണ് സംഭവം. അടൽ എക്സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് കർഷകരും പാർട്ടി പ്രവർത്തകരുമായി ഷിയോപുറിലുള്ള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു കോൺഗ്രസ് എംഎൽഎ ബാബുസിങ് ജൻഡേൽ.

അപേക്ഷയുമായി ദീർഘനേരം പുറത്ത് വെയിലത്ത് കാത്തുനിന്നെങ്കിലും കളക്ടറെ കാണാൻ സാധിച്ചില്ല. ഇതേതുടർന്ന് പ്രവർത്തകരോട് നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാൻ എംഎൽഎ ആവശ്യപ്പെട്ടു. പിന്നീട് ഷർട്ട് ഊരിമാറ്റി എംഎൽഎ തലകുത്തി നിൽക്കുകയായിരുന്നു.

ഷർട്ട് ഊരിമാറ്റിയ പ്രവർത്തകർ തലകുത്തി നിൽക്കുന്ന എംഎൽഎയ്ക്ക് ചുറ്റുമിരുന്ന് സർക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിട്ടില്ല.