- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂത്തുക്കുടി കസ്റ്റഡി മരണത്തിന് ഇരയായ ജയരാജിനും ബെന്നിക്‌സിനുമെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസ്; ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കടതുറന്നെന്ന പൊലീസിന്റെ അവകാശവാദം തെറ്റെന്ന് സിബിഐ: അച്ഛന്റേയും മകന്റെയും മരണത്തിൽ പൊലീസിനെതിരെ കുരുക്ക് മുറുകുന്നു
ചെന്നൈ: തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വ്യാപാരികളായ ജയരാജിനും ബെന്നിക്‌സിനുമെതിരെ പൊലീസ് ചുമത്തിയത് കള്ളക്കേസെന്ന് സിബിഐ. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കടതുറന്നെന്നാരോപിച്ചാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ പൊലീസിന്റെ ഈ വാദം തെറ്റാണെന്ന് സിബിഐ വ്യക്തമാക്കി. കള്ളക്കേസുകളുണ്ടാക്കിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സിബി.ഐ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് മുമ്പാകെ അറിയിച്ചു.
ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കടതുറന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരേ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ, ഇത് കള്ളക്കേസായിരുന്നുവെന്നും പൊലീസിന്റെ അവകാശവാദം തെറ്റാണെന്നും സിബിഐ. കോടതിയെ അറിയിച്ചു. ജൂൺ 19-നാണ് ജയരാജിനെയും ബെന്നിക്‌സിനെയും സാത്താൻകുളം പൊലീസ് അറസ്റ്റുചെയ്തത്. തുടർന്ന് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു. ഇതേത്തുടർന്നാണ് ഇരുവരും മരിച്ചത്. തുടക്കത്തിൽ കേസന്വേഷണം നടത്തിയിരുന്നത് തമിഴ്‌നാട് സി.ബി.സിഐ.ഡി.യാണ്. ജൂലായ് 11-നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കേസിൽ ഇതുവരെ പത്തു പൊലീസുകാർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാത്താൻകുളം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീധറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ ഓഗസ്റ്റ് 13-നും ശ്രീധറിന്റെ ജാമ്യാപേക്ഷ മധുര പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.