കൊച്ചി: ന്യൂഡൽഹിയിലെ ലക്‌സംബർഗ് എംബസി ചെന്നൈയിലെ ഗ്രാൻഡ് ഡച്ചി ഓഫ് ലക്‌സംബർഗിന്റെ പുതിയ ഹോണററി കോൺസൽ ആയി സേതുരാമൻ മഹാലിംഗത്തെ നിയമിച്ചു. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ് ചെന്നൈ കോൺസുലാർ പരിധിയിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി സുഹാസിനി മണിരത്‌നമായിരുന്നു ഹോണററി കോൺസൽ.

ഏപ്രിൽ 29-നാണ് ലക്‌സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് നിയമനത്തിൽ ഒപ്പുവച്ചത്. പുതിയ നിയമനത്തിന് ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജൂലൈ 31-ന് അംഗീകാരം നൽകി.

ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി റിട്ടയർ ചെയ്ത സേതുരാമൻ മഹാലിംഗം വിവിധ കമ്പനികളുടെ ബോർഡിൽ അംഗമാണ്. സാമൂഹികസേവനരംഗത്തും സജീവമാണ്. വ്യവസായരംഗത്തെ പ്രമുഖനും ഏറെ അനുഭവപരിചയമുള്ള വ്യക്തിയുമാണ് പുതിയ ലക്‌സംബർഗ് ഹോണററി കോൺസൽ എന്നതിനാൽ സർക്കാരും വ്യവസായരംഗവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ഉറപ്പിക്കുവാൻ ഇതുവഴി സാധിക്കും.

ഗ്രാൻഡ് ഡച്ചി ഓഫ് ലക്‌സംബർഗിന്റെ ഹോണററി കോൺസൽ ആയി നിയമിതനായത് ഏറെ സവിശേഷഭാഗ്യമായി കരുതുന്നുവെന്ന് സേതുരാമൻ മഹാലിംഗം പറഞ്ഞു. ഗ്രാൻഡ് ഡച്ചി വ്യവസായസംസ്‌കാര രംഗത്തും മറ്റ് വിവിധരംഗങ്ങളിലും ലഭ്യമാക്കുന്ന അവസരങ്ങൾ ഈ മേഖലയിലെ വ്യവസായരംഗത്തിന് ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ലക്‌സംബർഗ് അംബാസിഡർ ഷീൻ ക്ലോഡ് കുഗ്‌നർ ചെന്നൈയിലെ പുതിയ ഹോണററി കോൺസൽ സേതുരാമൻ മഹാലിംഗത്തെ സ്വാഗതം ചെയ്യുകയും ലക്‌സംബർഗും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാ ആശംസകളും നേരുകയും ചെയ്തു. ഇന്ത്യയിലെ പതിനഞ്ചാമത്തെ നേരിട്ടുള്ള വിദേശ നിക്ഷേപകരാജ്യമായ ലക്‌സംബർഗിന് ഇന്ത്യയുമായി ശക്തമായതും ചരിത്രപരമായതുമായ ബന്ധമാണുള്ളത്.

കോൺസുലേറ്റ് വിലാസം: നമ്പർ 22, കർപഗംബാൾ നഗർ, മൈലാപ്പൂർ, ചെന്നൈ, പിൻ - 600 004, ഫോൺ: 44 2498 7145, 44 2498 7745.