തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ ലഭിക്കുന്ന പരാതികൾ അന്വേഷണത്തിനായി മേലുദ്യോഗസ്ഥർക്ക് കൈമാറുമ്പോൾകുറ്റാരോപിതരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് റിപ്പോർട്ട് ഹാജരാക്കുന്ന പ്രവണത റിപ്പോർട്ടുകളുടെ കൃത്യതയും വിശ്വാസ്യതയും ഇല്ലാതാക്കുന്നതായി കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും അതിനാവശ്യമായ നിർദ്ദേശം കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കമ്മീഷൻ വിമർശിച്ചു.

രജിസ്റ്റേഡ് തപാൽ അയക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഓഫീസിൽ ഉണ്ടായ തർക്കത്തിൽ നെയ്യാർഡാം പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കമ്മീഷനിൽ നൽകിയ പരാതിയാണ് നെയ്യാർഡാം പൊലീസിനെ കൊണ്ട് നെടുമങ്ങാട് ഡി വൈ എസ് പി അന്വേഷിപ്പിച്ചത്. ഡി വൈ എസ് പി യുടെ നടപടി ഗൗരവമായി കാണുന്നതായി കമ്മീഷൻ കുറ്റപ്പെടുത്തി.

കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി. അന്വേഷണം നെടുമങ്ങാട് സബ് ഡിവിഷന്റെ പരിധിയിൽ വരാത്ത ഉയർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് നടത്തണമെന്ന് കമ്മീഷൻ തിരുവനന്തവും റൂറൽ എസ് പിക്ക് നിർദ്ദേശം നൽകി. കള്ളിക്കാട് സ്വദേശി റജി ജോണാണ് നെയ്യാർ ഡാം പൊലീസിനെതിരെ പരാതി നൽകിയത്.