കോട്ടയം: കൊറോണ എന്ന് കേട്ടാൽ ആരും ഒന്നു പേടിക്കും. എന്നാൽ ഈ കൊറോണയെ ആരുംപേടിക്കേണ്ട. കോട്ടയം ചുങ്കം സ്വദേശിനി കൊറോണയാണ് ഈ കഥയിലെ നായിക. ലോകം മുഴുവനും കൊറോണ എന്ന വാക്കു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളു. കൊറോണ ലോകത്തെ വിറപ്പിക്കുമ്പോൾ ഈ കോട്ടയത്തുകാരി വീട്ടമ്മയുടെ പേരും ഹിറ്റാവുകയാണ്. ചുങ്കം മള്ളൂശേരി അംബ്രോസ് നഗറിൽ മാത്തൻപറമ്പിൽ ഷൈൻ തോമസിന്റെ ഭാര്യയാണ് എസ്. കൊറോണ. കൊറോണ വൈറസ് എത്തിയതോടെയാണ് ഈ വീട്ടമ്മയുടെ പേരും ഹിറ്റായത്.

കായംകുളം ചൂളത്തെരുവ് ജെ.ബാബുവിന്റെയും സെലിന്റെയും മകളാണ് കൊറോണ. മാമോദീസയ്ക്ക് ചൂളത്തെരുവ് സെന്റ് ജോസഫ്‌സ് പള്ളിയിൽ കൊണ്ടു ചെന്നപ്പോൾ വികാരി ഫാ. ജയിംസ് ആണ് ഈ യുവതിക്ക് കൊറോണ എന്നു പേരിട്ടത്. ചടങ്ങിനു മുൻപ് വൈദികൻ ചോദിച്ചു: 'കുട്ടിക്ക് ഇടാൻ പേരെന്തെങ്കിലും മനസ്സിലുണ്ടോ? ഇല്ലെന്നു പറഞ്ഞതോടെ അദ്ദേഹം തന്നെ കുട്ടിക്ക് പേരിട്ടു. അങ്ങനെ അവൾ കൊറോണയായി. വീട്ടുകാർ ഒരു വിളിപ്പേരുമിട്ടു.: 'ടിനു'.

സ്‌കൂളിലെ പേര് കൊറോണ എന്നാണ്. ഇനിഷ്യൽ ഇല്ല. കൂട്ടുകാർ ചോദിച്ചപ്പോൾ ബൈബിളുമായി ബന്ധപ്പെട്ട പേരാണെന്നു പറയുമായിരുന്നു. 'കിരീടം' എന്നാണ് അർഥമെന്നും. ഇപ്പോൾ ആ പേര് ലോകപ്രശസ്തമായതോടെ കായംകുളം ചൂളത്തെരുവ് സ്‌കൂളിലെ പഴയ കൂട്ടുകാർ പലരും വിളിക്കുന്നുണ്ട്. ഇംഗ്ലിഷിൽ പേര് എഴുതുന്നതിൽ വ്യത്യാസമുണ്ട്. Korona എന്നാണ് പേര് എഴുതുന്നത്. കാരിച്ചാൽ ഹോളിഫാമിലി പള്ളിയിൽ 10 വർഷം മുൻപായിരുന്നു ഷൈനിന്റെയും കൊറോണയുടെയും വിവാഹം.

കൊറോണയ്ക്കും ഷൈനിനും രണ്ട് മക്കളാണ്. വിദ്യാർത്ഥികളായ കെവിൻ, നവീൻ. ഇതിൽ കെവിൻ 'കൊറോണയമ്മ' എന്നാണ് വിളിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ഷൈനിന്റെ കൂട്ടുകാരായ സിങ്കൽ തന്മയ, പ്രദീപ് എമിലി എന്നിവർ ചേർന്നു തയാറാക്കിയ വിഡിയോയിലൂടെയാണ് 'കൊറോണ'ക്കാര്യം നാട്ടിൽ പാട്ടായത്.