ന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ നോട്ടീസ്. ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം മറ്റുരാജ്യങ്ങൾ നിർത്തിവച്ചിട്ടും ഇക്കാര്യം ഡ്രഗ്സ് കൺട്രോളറെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം വാക്സിൻ കുത്തിവച്ച ഒരാളിൽ അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്ന് നിർത്തിവച്ചിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നിർത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസിൽ ആരാഞ്ഞിട്ടുണ്ട്. വ്യക്തമായ കാരണം വിശദമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഓക്സ്ഫഡ് സർവകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ പരീക്ഷണങ്ങൾക്കിടെ പ്രശ്നങ്ങളൊന്നും കാണാത്തതിനാൽ മുന്നോട്ടുപോകുമെന്നാണ് അവർ വ്യക്തമാക്കിയിരുന്നത്.