ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ചമുതൽ ഗുരുവായൂർ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നു. അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ചമുതൽ ഭക്തർക്ക് ക്ഷേത്രതചച്തിലെത്താം. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് ഗോപുരവാതിൽ കടന്ന് ദർശനം നടത്താം. അല്ലാത്തവർക്ക് പുറത്ത് ദീപസ്തംഭത്തിനുമുന്നിൽനിന്ന് തൊഴാം. ബുക്കുചെയ്ത ആയിരം പേർക്കാണ് പ്രവേശനം. കൂടാതെ നെയ്വിളക്ക് ശീട്ടാക്കുന്നവർക്ക് പ്രത്യേക പരിഗണനയോടെ ദർശനം അനുവദിക്കും.

ആധാർ കാർഡുമായി വന്ന് തെക്കേനടയിലെ കൗണ്ടറിൽ നെയ്വിളക്കിന് ശീട്ടാക്കാം. ആയിരം രൂപയുടെ ശീട്ടിൽ ഒരാൾക്കും 4500 രൂപ ശീട്ടാക്കിയാൽ അഞ്ചുപേർക്കും വരിയിൽ നിൽക്കാതെ ദർശനം നടത്താം. നാലമ്പലത്തിലേക്കു പ്രവേശനമില്ല. ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒന്നരവരെയും വൈകുന്നേരം അഞ്ചുമുതൽ ആറുവരെയും രാത്രി എട്ടുമുതൽ ഒമ്പതു വരെയുമാണ് ദർശനത്തിന് അനുമതി. ബുക്ക് ചെയ്തവർക്ക്, അനുവദിക്കുന്ന സമയക്രമമനുസരിച്ചായിരിക്കും പ്രവേശനം. ബുക്ക് ചെയ്തവർ തിരിച്ചറിയൽ കാർഡുമായാണു വരേണ്ടത്.

ഒരേസമയം 50 പേരിൽ കൂടുതൽ ക്ഷേത്രത്തിലുണ്ടാകാത്ത വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. വ്യാഴാഴ്ച ക്ഷേത്രസന്നിധിയിൽ 60 കല്യാണങ്ങളുമുണ്ടാകും.