''സ്ത്രീകളെ കാമാസക്തി തീർക്കുവാനുള്ള ഉപകരണങ്ങളാക്കുന്ന വേട്ടമൃഗങ്ങളായി മാറുന്നതിലും ഞാൻ ഇഷ്ടപ്പെടുന്നത് പുരുഷൻ എന്ന വർഗ്ഗത്തിന് വംശനാശം വന്നു കാണാനാണ്.'' അഹിംസയുടെ മഹാമന്ത്രങ്ങളുരുവിട്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാവിന്റെ വാക്കുകളാണിത്.

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ എന്ന ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന വാക്യത്തിന് ആധുനിക യുഗത്തിൽ പുതിയൊരു നിർവ്വചനം സൃഷ്ടിക്കുകയായിരുന്നു ഈ വാക്കുകളിലൂടെ മഹാത്മാവ്. സ്ത്രീകളെ ഉപദ്രവിക്കാനാണെങ്കിൽ പുരുഷവംശം തന്നെ കുറ്റിയറ്റുപോകട്ടെ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ഗാന്ധിജിയുറങ്ങുന്ന മണ്ണിലാണ് ഒരു 86 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായത്.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയായിരുന്നു സംഭവം നടക്കുന്നത്. തന്റെ വീടിനു മുന്നിൽ വൈകീട്ടെത്തുന്ന പാൽക്കാരനേയും കാത്തു നിൽക്കുകയായിരുന്നു ആ വൃദ്ധ. അപ്പോഴാണ് 33 കാരനായ പ്രതി അവിടെ എത്തുന്നത്. പതിവ് പാൽക്കരൻ വരില്ലെന്നും കൂടെവന്നാൽ പാൽ കിട്ടുന്നയിടം കാണിച്ചു തരാമെന്നും പ്രതി പറഞ്ഞത് വിശ്വസിച്ച് അയാളോടൊപ്പമ്മ് പോവുകയായിരുന്നു അവർ. കുറച്ചു മാറിയുള്ള ഒരു തോട്ടത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി അവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

താൻ അയാളുടെ മുത്തശ്ശിക്കൊപ്പം പ്രായമുള്ളയാളാണെന്നും മുത്തശ്ശിയായി കരുതണമെന്നും അവർ കരഞ്ഞു പറഞ്ഞിട്ടും ആ കാമാന്ധന്റെ മനസ്സലിഞ്ഞില്ല. ഒട്ടും ദയവില്ലാതെ പെരുമാറിയ അയാൾ, തടയാൻ ശ്രമിച്ച വൃദ്ധയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അടുത്തുള്ള ഗ്രാമത്തിലെ ആളുകളാണ് അവരെ രക്ഷിക്കുകയും ആ മനുഷ്യാധമനെ പൊലീസിലേൽപ്പിക്കുകയും ചെയ്തത്. ഇരയെ സന്ദർശിച്ച ഡൽഹിവനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാറ്റി മലിവാൽ പറഞ്ഞത് സമാനതകളില്ലാത്ത ക്രൂരതയാണിതെന്നായിരുന്നു.

ശരീരമാസകലും ഉള്ള മുറിപ്പാടുകളിൽ നിന്നുള്ള വേദനയ്ക്കൊപ്പം സംഭവത്തിന്റെ ആഘാതമേൽപിച്ച മാനസിക വേദനയും ഒരുമിച്ച് അനുഭവിക്കുകയാണ് പീഡകന്റെ മുത്തശ്ശിയാകാൻ പ്രായമുള്ള ഈ പാവം വൃദ്ധ. ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ വന്നതിനു പുറമേ കോപാകുലരായ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ബലാത്സംഗികളെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ജനംതെരുവിലിറങ്ങിയതോടെ വിദേശ മാധ്യമങ്ങളും ഇക്കാര്യം ചർച്ചയാക്കി രംഗത്തുവന്നു.

ഉയർന്ന തോതിലുള്ള ഗാർഹിക പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും കൊണ്ട് 2018-ൽ ഇന്ത്യയെ സ്ത്രീകൾക്ക് ജീവിക്കുവാൻ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ ഉള്ള 550 വിദഗ്ദർക്കിടയിൽ തോംസൺ റോയിറ്റേഴ്സ് ഫൗണ്ടെഷൻ നടത്തിയ അഭിപ്രായ സർവ്വെക്കൊടുവിലാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനമുണ്ടായത്. 33,356 ബലാത്സംഗങ്ങളും 89,097 മറ്റ് അതിക്രമങ്ങളുമാണ് ആ വർഷം സ്ത്രീകൾക്ക് നേരെ ഉണ്ടായത്. മാത്രമല്ല, 2017-ൽ രാജ്യത്താകമാനമായി ദിവസേന 90 ബലാത്സംഗങ്ങൾവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി എന്നും പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു കുറ്റകൃത്യമാണ് ബലാത്സംഗം എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. മാത്രമല്ല, ഒരോ നാല് ഇരകളിലും ഒരാൾ വീതം പ്രായപൂർത്തിയാകാത്തവരാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ പല മേഖലകളിലും ഇന്നും തുടരുന്ന പുരുഷ മേധാവിത്വമാണ് ഇതിന് പ്രധാന കാരണം എന്നും അവർ പറയുന്നു.