ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി ഇന്ത്യ നിർത്തുന്നു. അതിർത്തിയിലെ സംഘർഷം കാരണമാണ് ഇത്. ലോകത്തത്തന്നെ ഏറ്റവുംവലിയ പട്ടുനൂൽ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം തിരിച്ചടിയാകും. ചൈനയിൽനിന്ന് പട്ടുനൂൽ ഇറക്കുമതിചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണനിലവാരം ഉയർത്തുന്നകാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴിൽ സമിതിയുടെ മുമ്പാകെയാണ് സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം അടുത്ത ഒരുവർഷത്തിനുള്ളിൽ ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിർത്തും. രാജ്യത്ത് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും. 2019-20 സാമ്പത്തിക വർഷത്തിൽ 9.9 കോടി ഡോളർ മൂല്യമുള്ള പട്ടുനൂലാണ് രാജ്യംഇറക്കുമതി ചെയ്തത്. മുൻവർഷത്തേക്കാൾ 31ശതമാനംകുറവാണിത്.