അബുദാബി: തലസ്ഥാന എമിറേറ്റിൽ റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ച് അബുദാബി പൊലീസ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്യും.

പൊലീസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് കേടുപാടുണ്ടാക്കുകയും റോഡിൽ മത്സരയോട്ടം നടത്തുകയും സാധുവായ ലൈസൻസ് പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനം റോഡിലിറക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ 50,000 ദിർഹം വരെയാണ് പിഴ ചുമത്തുക.

അമിതവേഗം, പെട്ടെന്ന് റോഡ്ലൈൻ മാറൽ, ടെയിൽഗേറ്റിങ്, സിഗ്നൽ ക്രോസിങ്ങുകളിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതെ അപകടമുണ്ടാക്കൽ എന്നീ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരിൽനിന്ന് 5,000 ദിർഹം പിഴ ഈടാക്കും. വാഹനങ്ങളുടെ മുൻസീറ്റുകളിൽ 10 വയസ്സും അതിൽ താഴെയുമുള്ള കുട്ടികളെ ഇരുത്തി സഞ്ചരിക്കുന്ന ഡ്രൈവർമാരിൽ നിന്നും 5,000 ദിർഹം പിഴ ചുമത്തും. 7,000 ദിർഹത്തിന് മുകളിലുള്ള എല്ലാ പിഴകളും പൂർണമായി നൽകണമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പിഴയടച്ച് മൂന്നുമാസത്തിനു ശേഷം ഡ്രൈവർമാർ സ്വീകരിക്കാതിരുന്നാൽ വാഹനങ്ങൾ ലേലത്തിന് വെക്കും. അബുദാബി എമിറേറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷാ നിയമങ്ങളുടെ പ്രാധാന്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ പൊലീസ് വ്യക്തമാക്കി.