കുവൈത്ത് സിറ്റി: രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി 'രജിസ്‌ട്രേഷൻ ഡ്രൈവ്' സംഘടിപ്പിക്കുന്നു. പാസ്‌പോർട്ടോ എമർജൻസി സർട്ടിഫിക്കറ്റോ (ഔട്ട്പാസ്) ഇല്ലാത്തവരാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷിക്കാം. എംബസി കോൺസുലർ ഹാളിലും ശർഖ്, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവന സെന്ററുകളിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

അപേക്ഷകന്റെ യഥാർത്ഥ പാസ്സ്‌പോർട്ട് നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്‌ട്രേഷൻ നമ്പറായി പരിഗണിക്കുക. തുടർന്നുള്ള ആശയവിനിമയത്തിനും ഈ നമ്പർ ആണ് ഉപയോഗിക്കേണ്ടത്. രജിസ്‌ട്രേഷൻ സൗജന്യമാണ്. എന്നാൽ, യാത്രാരേഖകൾക്കുള്ള ഫീസ് ഇവ തയാറാവുന്ന ഘട്ടത്തിൽ എംബസി കൗണ്ടറിൽ നേരിട്ട് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് community.kuwait@mea.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്ത് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ പോവാൻ കഴിയാത്ത നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ എംബസി ഔട്ട്പാസ് നൽകിയ 5000ത്തോളം പേരും ഇതിൽ ഉൾപ്പെടും. കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവരെ കോവിഡ് പ്രതിസന്ധി തീർന്നാൽ വ്യാപക പരിശോധന നടത്തി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താൻ അധികൃതർ പദ്ധതി തയാറാക്കുന്നുണ്ട്. കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്കായി മറ്റൊരു പൊതുമാപ്പ് കൂടി അനുവദിപ്പിക്കാൻ എംബസി ശ്രമിക്കുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുന്നത്.