ക്വലാലംപുർ: കോവിഡ് രോഗവ്യാപനം മൂലം ഈ വർഷത്തെ എ.എഫ്.സി കപ്പ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അറിയിച്ചു. മാർച്ചിൽ നടക്കേണ്ടതായിരുന്നു എ.എഫ്.സി ടൂർണമെന്റ്. ലോക്ഡൗണിനെ തുടർന്ന് അത് സെപ്റ്റംബറിലേക്ക് മാറ്റി. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുർന്ന് ഇപ്പോൾ നടത്താനാവാത്ത സാഹചര്യമായതിനാൽ ടൂർണമെന്റ് റദ്ദാക്കിയിരിക്കുകയാണ്.

ഏഷ്യയിലെ രണ്ടാം നിര ക്ലബ്ബ് പോരാട്ടമാണ് എ.എഫ്.സി കപ്പ്. ഈ വർഷത്തെ ടൂർണമെന്റ് റദ്ദാക്കിയതായി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം മാർച്ചിൽ നടക്കേണ്ടിയിരുന്ന ഏഷ്യയിലെ പ്രധാന ഫുട്‌ബോൾ പോരാട്ടമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗും മാറ്റിവെച്ചിരുന്നു. ഈ ടൂർണമെന്റ് സെപ്റ്റംബർ 14-ന് ഖത്തറിൽ നടക്കും.