നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്നാണ് പഴമൊഴി. ഇവിടെ രണ്ട്ഭക്ഷണം മുട്ടിച്ചത് ഒരു കുട്ടിക്കുറുമ്പനായ മത്സ്യവും. മദ്ധ്യപ്രദേശിലെ കൻഹാ നാഷണൽ പാർക്കിലാണ് രസകരമായ ഈ പോരാട്ടം നടന്നത്. മുപ്പത് മിനിറ്റോളം നീണ്ടുനിന്ന, ഈ അതിജീവനത്തിനായുള്ള സമരം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാൺ ഘൻശ്യാം പ്രസാദ് ഭൻവാരെ.

പ്രകൃതി ഉപാസകനായ ഘൻശ്യാം പ്രസാദ് കഴിഞ്ഞ ജൂലായ് 19 നാണ് രസകരമായ ഈ സംഭവ പരമ്പര തന്റെ കാമറയിൽ പകർത്തിയത്. വിശപ്പടക്കാൻ കിട്ടിയ ഒരു മീനിനായി രണ്ടു നീർക്കോലികൾ പോരടിച്ചത് മുപ്പത് മിനിറ്റോളമായിരുന്നു. ആദ്യത്തെ നീർക്കോലി വെള്ളത്തിൽ നിന്നും മീനിനെ പിടിക്കാൻ ശ്രമിക്കുന്നിടെ അത് നീർക്കോലിയുടെ തലയിൽ കടിച്ചുതൂങ്ങി. കടിച്ചുതൂങ്ങിയ മീനിനേയും കൊണ്ട് വെള്ളത്തിൽ നിന്നും ഉയർന്നപ്പോൾ മറ്റൊരു നീർക്കോലി മീനിന്റെ വാലിൽ കടിച്ചു തൂങ്ങി. പ്രകൃതിയിലെ അപൂർവ്വ കാഴ്‌ച്ചകൾ ഒപ്പിയെടുക്കന്നതിൽ സമർത്ഥനായ ഘൻശ്യാം പറയുന്നത്, പാമ്പിനെ വെല്ലുവിളിക്കാൻ തക്ക മനോധൈര്യമുള്ള ഒരു മീനിനെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നാണ്.

ഏകദേശം അരമണിക്കൂറോളം കടിച്ചു തൂങ്ങിയ ശേഷം, വാലിൽ കടിച്ചു പിടിച്ച അണലി അതുപേക്ഷിച്ച് വെള്ളത്തിലേക്ക് ഊളിയിട്ടു. ഒരു ശത്രു തോറ്റു പിൻവാങ്ങിയതോടെ മീനും തന്റെ പിടുത്തം വിട്ട് വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി. തലതിരിച്ചുകിട്ടിയ ആശ്വാസത്തിൽ രണ്ടാമത്തെ നീർക്കോലിയും എങ്ങോട്ടേക്കോ ഇഴഞ്ഞു നീങ്ങി. മീൻ നീന്തിപ്പോകുന്നത് താൻ നേരിട്ടു കണ്ടതിനാൽ അത് ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടെന്നാൺ! തന്റെ വിശ്വാസം എന്ന് ഘൻശ്യാം പ്രസാദ് പറയുന്നു. തന്റെ സഹതാപം മുഴുവൻ അരമണിക്കൂർ ശ്രമിച്ചിട്ടും അന്നത്തെ അന്നം നേടാനാകാതെ പോയ നീർക്കോലികളോടാണെന്നും അദ്ദേഹം പറഞ്ഞു.

ഈ അപൂർവ്വ സമരത്തിലെ അവിസ്മരണേീയമായ മുഹൂർത്തങ്ങൾ ഓരോന്നായി കാമറിയിലേക്ക് പകർത്തിയ ഘൻശ്യാം പ്രസാദ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്. ഇതിനു മുൻപും ഇത്തരത്തിലുള്ള ചില നിമിഷങ്ങൾ പകർത്താനായിട്ടുണ്ടെങ്കിലും താൻ ഇത്രക്ക് ആസ്വദിച്ച് പകർത്തിയ മറ്റൊരു സംഭവമില്ലെന്നാണ് ഘൻശ്യാം പറയുന്നത്.