മനാമ: സുപ്രഭാതം ദിനപത്രം ബഹ്‌റൈൻ തല വരിചേർക്കൽ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സമസ്ത ബഹ്‌റൈൻ റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഹംസ അൻവരി മോളൂർ സുപ്രഭാതം ഗവേണിങ് ബോഡി അംഗം കൂടിയായ അബ്ദുൽ ഹമീദ് വില്യാപ്പള്ളിയെ വരിചേർത്താണ് കാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് നേരത്തെ ഓൺലൈനിൽ നടന്ന പ്രവർത്തകസമിതിയോഗം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കാംപയിൻ ഭാഗമായി ബഹ്‌റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേർക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടിൽ വരിക്കാരായവരെ സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്‌പോൺസർ ചെയ്യിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.

ഇപ്രകാരം പരമാവധി വാർഷിക വരിക്കാരെയും സ്‌പോൺസർമാരെയും കണ്ടെത്താൻ ഏരിയാ കമ്മറ്റികൾക്ക് കേന്ദ്രകമ്മറ്റിനിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി വരിക്കാരുടെയും ഏജന്റുമാരുടെയും വിലാസം ശേഖരിച്ച് ഇവ ഓഫീസിലെത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ ലിങ്കും വിശദവിവരങ്ങളും ഏരിയാ ഭാരവാഹികൾ മുഖേനെ അതാതു പ്രദേശങ്ങളിൽ വരിക്കാരാകുന്നവർക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- ഫോൺ- +973 3912 894, +973 3400 7356. റിപ്പോർട്ടർ: +973-33842672.