കണ്ണൂർ: വെള്ളിയാഴ്ച അന്തരിച്ച ആദ്യകാല ചലച്ചിത്രതാരം കെ.സി.കെ. ജബ്ബാറിന് (സുനിൽ-73) ആദരാഞ്ജലികളുമായി സിനിമാ ലോകം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച മംഗളൂരുവിലായിരുന്നു അന്ത്യം. സത്യൻ അഭിനിയിച്ചതും സത്യന്റെ സഹോദരൻ സംവിധാനം ചെയ്തതുമായ 'അക്കരപ്പച്ച' എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്ത് എത്തിയ അദ്ദേഹം നിരവധി സിനിമകളിൽ വേഷമിട്ടു.

അക്കരപ്പച്ചയിൽ ജയഭാരതിയുടെ കാമുകനായി നായകപ്രാധാന്യമുള്ള വേഷത്തിലായിരുന്നു. സിനിമകൾക്കുവേണ്ടി കഥയും തിരക്കഥയും എഴുതി. സ്‌കൂൾനാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. അയൽക്കാരി, വിളക്കും വെളിച്ചവും, ആനന്ദം പരമാനന്ദം തുടങ്ങി മുപ്പതോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കെ.പി. ജയൻ സംവിധാനം ചെയ്ത ഉരുക്കുമുഷ്ടികൾ, ബേബി സംവിധാനം ചെയ്ത ശരവർഷം, അനന്തം അജ്ഞാതം അവർണനീയം തുടങ്ങിയ സിനികൾക്ക് കഥയും തിരക്കഥയും രചിച്ചത് അബ്ദുൾ ജബ്ബാറാണ്. സത്യൻ, സസീർ, കെ.പി. ഉമ്മർ, സുകുമാരൻ, കമൽ ഹാസൻ, ജനാർദനൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചു. അഭിനയമികവിന്‌ േപ്രംനസീർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ചിറക്കൽ കെ.സി.കെ. ഹൗസിൽ പഴയ മലഞ്ചരക്ക് വ്യാപാരി പരേതനായ കെ.എസ്. മൊയ്തുവിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ സഫിയ. മകൻ: ജംഷീർ (അക്‌ബർ ട്രാവൽസ്, ദുബായ്). സഹോദരി: കദീജ.