ലണ്ടൻ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകൾ. സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സേറ്റിൻഷൻ റിബല്യൻ ആണ് പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെ വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് സ്ത്രീകൾ തുണിയുരിഞ്ഞ് പ്രതിഷേധിക്കുന്നത്.

ആഗോളതാപനത്തിന്റെ അനന്തരഫലമായി യുദ്ധം, വരൾച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങൾ, ക്ഷാമം തുടങ്ങിയവ ഉണ്ടാകുമെന്നും ഇവർ പറയുന്നു. 'സത്യത്തെ മറച്ചു വയ്ക്കാനാകുമോ?' എന്നെഴുതിയ ബാനറുമായാണ് സ്ത്രീകൾ മാറിടം തുറന്ന് പ്രതിഷേധവുമായി എത്തിയത്. മുഖത്ത് നാല് ഡിഗ്രി സെൽഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചിരുന്നു. ആഗോള താപനം വരും കാലങ്ങളിൽ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പ്രതിഷേധക്കാരിൽ ചിലർ പാർലമെന്റ് ഗേറ്റിൽ ഘടിപ്പിച്ച് ഡെഡ് ലോക്കുകളും കഴുത്തിലണിഞ്ഞിരുന്നു. ഇവപൊലീസ് എത്തി അഴിച്ചു മാറ്റി.

കാലാവസ്ഥാ വ്യതിയാനത്തിരെതിരെ ഓരോ രാജ്യവും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് ദിവസമായി പാർലമെന്റിന് മുന്നിൽ ഇവരുടെ പ്രതിഷേധം തുടരുകയാണ്. ഇങ്ങനെ പോയാൽ 2100 ഓടെ ഭൂമിയിലെ താപനില ജീവജാലങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഈ മഹാവിപത്തിനെ ചെറുക്കാൻ ഓരോ രാജ്യത്തെയും സർക്കാരുകൾ ഇപ്പോൾ തന്നെ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും റിബല്യൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് മഹാമാരിക്ക് ശേഷം സ്ത്രീകൾ വീണ്ടും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യം മറച്ചു വച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്ത പത്രങ്ങൾ പ്രതിഷേധക്കാർ കീറിയയെറിഞ്ഞു. 'ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ സർക്കാരിനും മാധ്യമഭീമൻ റുപ്പർട്ട് മർഡോക്കിനും ഭൂമിയിലെ ജീവനുകളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് എത്രകാലം മുഖംതിരിക്കാൻ സാധിക്കും? ഇത്തരം നഗ്‌നസത്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ അവർക്ക് എങ്ങനെയാണ് സാധിക്കുന്നത്? അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.' പ്രതിഷേധത്തിനു നേതൃത്വം നൽകുന്ന സാറാ മിൻഡ്രം പറഞ്ഞു.