അലിഗഢ്: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറും കയ്യിൽ കരുതി എത്തിയ കള്ളന്മാർ മിനിറ്റുകൾക്കുള്ളിൽ ജൂവലറിയിൽ നടത്തിയത് വന്മോഷണം. സ്വർണംവാങ്ങാനെന്ന മട്ടിൽ മാസ്‌ക് ധരിച്ച് ജൂവലറിയിലെത്തിയവരാണ് തോക്കു ചൂണ്ടി ലക്ഷങ്ങളുടെ മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അലിഗഢിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കള്ളന്മാർ ജൂവലറിയിലുണ്ടായിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും ഏകദേശം 40,000ത്തോളം രൂപയും കവർച്ചചെയ്തു. കടയിലെത്തിയ രണ്ടുപേർ ആദ്യം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്, കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കി. തൊട്ടുപുറകേ മൂന്നാമനും എത്തി. തുടർന്ന് കീശയിൽ കരുതിയിരുന്ന തോക്കുകൾ ചൂണ്ടി ജൂവലറിയിൽ വൻ കവർച്ച നടത്തി.ജുവല്ലറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോൾ പാലിച്ചുള്ള കൊള്ള പുറത്തായത്.

കടയിലെത്തിയവർ സാധാരണ കസ്റ്റമറെ പോലെയാണ് പെരുമാറിയത്. ആദ്യം സാനിറ്റൈസർ ആവശ്യപ്പെട്ടു. പിന്നാലെ പതിയെ കൈകൾ വൃത്തിയാക്കിയതിന് ശേഷം കടയിലെ ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ജൂവലറിയിൽ ജീവനക്കാരെ കൂടാതെ മറ്റ് മൂന്നുപേരും ഉണ്ടായിരുന്നു. എന്നാൽ തോക്ക് ചൂണ്ടിയതോടെ അവരും ഭയന്നു. സംഭവത്തിൽ അലിഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ഉടൻ പിടികൂടുമെന്ന് അലിഗഢ് പൊലീസ് വ്യക്തമാക്കി.