- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
15 -ൽ 13 ചോദ്യങ്ങളും ഓപ്ഷൻ നോക്കും മുൻപ് പറഞ്ഞു; മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത് വെറും 20 മിനിറ്റുകൾ കൊണ്ട്; ഹു വാൺട് ടു ബി എ മില്ല്യനേർ പരിപാടിയിൽ 14 വർഷത്തിനു ശേഷം ജേതാവാകുന്നത് ഷ്രോപ്ഷയർകാരനായ ചരിത്രാദ്ധ്യാപകൻ; ജോലി രാജി വച്ച് മോട്ടോർ വീടുവാങ്ങി ലക്ഷങ്ങൾ പൊടിക്കാനൊരുങ്ങി ഡൊണാൾഡ് ഫിയർ; ബ്രിട്ടണിൽ നിന്നൊരു വിജയ കഥ
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണ് ഭാരതീയ സങ്കല്പം. അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ നിധിശേഖരം എന്നത് ഒരു ഇംഗ്ലീഷ് പഴംചൊല്ല്. ഇതെല്ലാം സത്യമെന്ന് തെളിയിച്ചിരിക്കുന്നു ഷ്രോപ്ഷയറിലെ ഒരു ചരിത്രാദ്ധ്യാപകൻ. തന്റെ അറിവുകൊണ്ട് മാത്രം അദ്ദേഹം നേടിയെടുത്തത് ഒരു മില്ല്യൺ പൗണ്ട്. ഐ ടിവിയുടെ ഹു വാണ്ട്സ് ടു ബി എ മില്ലനയർ എന്ന ചോദ്യോത്തര പംക്തിയിൽ റെക്കോർഡ് വേഗത്തിൽ ഉത്തരം നൽകിക്കൊണ്ടാണ് ഡൊണാൾഡ് ഫിയർ എന്ന 57 കാരനായ ചരിത്രാദ്ധ്യാപകൻ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ഒരാൾ ഈ പരിപാടിയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി 1 മില്ല്യൺ പൗണ്ട് സമ്മാനമായി(ഏതാണ്ട് പത്ത് കോടി രൂപ) നേടുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഇതേ പരിപാടിയിൽ പങ്കെടുത്ത് 5,00,000 പൗണ്ട്(ഏതാണ്ട് അഞ്ച് കോടി രൂപ) നേടിയിരുന്നു. ഇത്തവണ, ഈ ചോദ്യോത്തര യാത്ര പൂർത്തിയാക്കുവാൻ ഡൊണാൾഡ് ഫിയർ എടുത്തത് വെറും 20 മിനിറ്റുകൾ മാത്രം. ഒരിക്കൽ പോലും ആലോചിച്ചു നിൽക്കാതെയായിരുന്നു ഓരോ ഉത്തരവും. യാത്ര അവസാനിച്ചപ്പോൾ തന്റെ മൂന്ന് ലൈഫ്ലൈനുകളും സുരക്ഷിതമായി കൈയിൽ ഉണ്ടായിരുന്നു.
സ്വയം ഒരു സോഷ്യൽ ഡെമോക്രാറ്റ് എന്ന് വിശേഷിപ്പിക്കുന്ന ഫിയർ സമ്മാന തുകയിൽ 70% തന്റെ കുടുംബാംഗങ്ങളുമായി പങ്കു വച്ചതിനു ശേഷം ബാക്കി തുകയ്ക്ക് ജീവിതം അടിച്ചുപൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 1 നു നടന്ന പരിപാടിയിൽ ഡൊണാൾഡ് ഫിയറിന്റെ ജേഷ്ഠ സഹോദരൻ പങ്കെടുത്തിരുന്നു. അദ്ദേഹം എത്ര തുക നേടിയെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ ഡോണാൾഡ് തനിക്ക് അതിലും ഒരു പടി കൂടി മുന്നോട്ടു പോകണമെന്നാണ് പറഞ്ഞത്. പരിപാടിയുടെ അവസാനം, ജ്യേഷ്ഠനേക്കാൾ കൂടുതൽ നേടിയല്ലോ എന്ന് അവതാരകനായ ജെറെമി കോർബിൻ ചോദിച്ചപ്പോൾ, അതിൽ ഏറ്റവുമധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത് എന്റെ ജ്യേഷ്ഠനായിരിക്കും എന്നായിരുന്നു ഫിയറിന്റെ മറുപടി.
15 ചോദ്യങ്ങളിൽ 13 എണ്ണത്തിനും മറുപടി പറയുവാൻ തെല്ലും ആലോചിക്കേണ്ടി വന്നില്ല ഡൊണാൾഡ് ഫിയറിന്. ഇടക്ക് ഒരു ചോദ്യത്തിനു മാത്രം ഫിഫ്റ്റി ഫിഫ്റ്റി എന്ന ലൈഫ്ലൈൻ എടുത്തു. പിന്നീട് ഒരു ജൈത്രയാത്ര തന്നെയായിരുന്നു. 1718 ൽ ഇപ്പോൾ നോർത്ത് കരോലിന എന്നറിയപ്പെടുന്ന തീരത്തിനടുത്തുവച്ചു നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കടൽക്കൊള്ളക്കാരൻ ആര് എന്നതായിരുന്നു 1 മില്ല്യൺ പൗണ്ടിനുള്ള ചോദ്യം. ഒരു ചരിത്രാദ്ധ്യാപകനായ ഡോണാൾഡ് ഫിയറിന് അത് ബുദ്ധിമുട്ടുള്ള ഒരു ചോദ്യമായിരുന്നില്ല.
''ചോദ്യം വന്നപ്പോൾ ഒരു മൈക്രോസെക്കന്റിനുള്ളിൽ ഞാൻ കണ്ടത് 1718 എന്ന വർഷമാണ്, പിന്നെ സംശയമുണ്ടായില്ല അത് ബ്ലാക്ക്‌ബിയേർഡ് തന്നെ.'' തെല്ലും സംശയമില്ലാതെയാണ് അദ്ദേഹം ഉത്തരം നൽകിയത്. ഉത്തരം നൽകുന്നതിനു മുൻപായി താൻ ഒരു സ്പെഷ്യൽ യൂണിറ്റായി കടൽക്കൊള്ളക്കാരുടെ ചരിത്രം ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1718-ൽ നോർത്ത് കരോലിന തീരത്ത് മരിച്ചത് ബ്ലാക്ക്‌ബിയേർഡാണെന്ന് ഞാൻ ഓർക്കുന്നു. അതാണ് ഉത്തരവും. തികച്ചും ശാന്തമായി അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ അവതാരകന് ഒന്നും പറയുവാനില്ലായിരുന്നു, ഡൊണാൽഡ് ഫിയർ, താങ്കൾ 1 മില്ല്യൺ പൗണ്ട് നേടിയിരിക്കുന്നു എന്നല്ലാതെ.
ഹു വാൺട്സ് ടു ബി എ മില്ലെനയർ എന്ന പരിപാടിയുടെ ബ്രിട്ടീഷ് പതിപ്പിൽ ഇതുവരെ 5 പേരാണ് 1 മില്ല്യൺ നേടിയിട്ടുള്ളത്. 2000 നവംബറിൽ ജൂഡിത്ത് കെപ്പെൽ ആണ് ആദ്യമായി 1 മില്ല്യൺ നേടിയത്. ഏറ്റവും അവസാനം 2006 ൽ ഇൻഗ്രാം വിൽകോക്സ് 1 മില്ല്യൺ നേടിയതിൽ പിന്നെ നീണ്ട 14 വർഷങ്ങൾക്കിപ്പുറമാണ് ഒരു മത്സരാർത്ഥി ഈ അറിവിന്റെ യാത്രയിൽ അവസാന ലക്ഷ്യം വരെ എത്തുന്നത്.
തന്റെ സമ്മാന തുകയിൽ 70% വരെ തന്റെ കുടുംബാംഗങ്ങൾക്കും ചാരിറ്റിക്കും മറ്റുമായി നൽകുമെന്ന് പറഞ്ഞ ഡൊണാൾഡ് ഫിയർ, ബാക്കി തുകക്ക് തന്റെ വിശ്രമജീവിതം ആസ്വദിക്കാൻ ഒരുങ്ങുകയാണ്. നഴ്സായ ഭാര്യ ഡെബ്സിനൊപ്പം 33 വർഷമായി കുടുംബജീവിതം നയിക്കുന്ന ഇദ്ദേഹത്തിന് നാല് മക്കളാണ് ഉള്ളത്. ഒരു മോട്ടോർ വീട് വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞ ഫിയർ പക്ഷെ താൻ ഒരിക്കലും ദീർഘനാൾ കോടീശ്വരനായി തുടരുകയില്ലെന്നും പറഞ്ഞു. ഈ വിജയത്തിനു ശേഷം അദ്ദെഹം ഭാര്യയുമൊന്നിച്ച് നോർത്തംബർലാൻഡ് തീരത്ത് ഒരു കാരവാൻ യാത്രയ്ക്കായി പുറപ്പെട്ടു.