- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം കോവിഡ് വ്യാപനത്തിന് കാരണമായത് ഋഷി സുനാകിന്റെ ഈറ്റ് ഔട്ട് സ്കീം; എന്നിട്ടും പടിക്കാതെ റൂൾ ഓഫ് സിക്സിനെ അതിജീവിക്കാൻ ഇന്നലെ വൈകുന്നേരം സകലരും തെരുവിലേക്ക് കുതിച്ചു; തിന്നും കുടിച്ചും രസിച്ചു ബ്രിട്ടീഷുകാർ രോഗം ചോദിച്ചു വാങ്ങുന്നു; ഇന്നലെ രോഗികളായത് 3200 പേർ
വെളുക്കാൻ തേച്ചത് പാണ്ടായി എന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ചില ഗവേഷകർ പറയുന്നത്. കൊറോണ പ്രതിസന്ധിയിൽ തകർന്നുപോയ ഹോസ്പിറ്റാലിറ്റി മേഖലയെ ഉയർത്തിക്കൊണ്ടുവരുവാനായി ചാൻസലർ ഋഷി സുനാക് പ്രഖ്യാപിച്ച ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട് പദ്ധതിയായിരിക്കാം പെട്ടെന്ന് കോവിഡ വ്യാപനം വീണ്ടും ശക്തിയാകാൻ കാരണം എന്നാണ് അവർ പറയുന്നത്. ഓഗസ്റ്റ് മാസം മുഴുവനും എല്ലാ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് 50% കിഴിവിൽ ഭക്ഷണം ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ ബാക്കി 50% സർക്കാരാണ് നൽകിയിരുന്നത്.
ഇത് റെസ്റ്റോറന്റുകളിലും പബ്ബുകളിലും മറ്റും ജനത്തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതിനിടയാക്കി. ഇതായിരിക്കാംഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണമെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പബ്ലിക് പോളിസി ഗവേഷകനായ ടോബി ഫിലിപ്സ് പറയുന്നത്. അതേസമയം സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഓരോ ആഴ്‌ച്ചയിലും രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നു എന്നാണ്. അതായത് ആർ നിരക്ക് 1.7 വരെ ഉയർന്നിരിക്കാനുള്ള സാധ്യത കാണുന്നു എന്ന്.
തികച്ചും അപ്രതീക്ഷിതമായി രോഗവ്യാപനം ശക്തിപ്പെട്ടതോടെ റൂൾ ഓഫ് സിക്സ് ഉൾപ്പടെയുള്ള കർശന നടപടികൾ അനിവാര്യമാണെന്നാണ് ആരോഗ്യകാര്യ മന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ഇതിനിടയിലാണ് ഓക്സ്ഫോർഡ് പഠന റിപ്പോർട്ടും പുറത്തുവന്നത്. സാധാരണ വല്ലപ്പോഴുമാണ് ആളുകൾ പുറത്തുപോയി ഭക്ഷണം കഴിക്കുക. എന്നാൽ 50% കിഴിവെന്നത് ആളുകളെ ആകർഷിച്ചു. സ്ഥിതിഗതികൾ പൂർവ്വ സ്ഥിതിയിലാക്കാൻ കൊണ്ടുവന്ന പദ്ധതി സാധാരണ റെസ്റ്റോറന്റുകളിൽ എത്താറുള്ളതിന്റെ 216 ശതമാനം അധികം ആളുകളേയാണ് ഇവിടങ്ങളിൽ എത്തിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ പദ്ധതി അവസാനിച്ചതോടെ കാര്യങ്ങൾ പഴയ രീതിയിലേക്ക് മടങ്ങി. സെപ്റ്റംബർ ആരംഭിച്ചതോടെ ജനങ്ങൾ പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്ന പതിവും ഏതാണ് നിർത്തി. ഈ പദ്ധതികൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ യാതോരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നും മറിച്ച് രോഗ വ്യാപനത്തിന് ഇടയാക്കുക മാത്രമാണ് ചെയ്തതെന്നും ചിലർ അഭിപ്രായപ്പെടുന്നു. വേനൽ ഒഴിവു കഴിഞ്ഞ് ആളുകൾ തിരിച്ചെത്താൻ തുടങ്ങിയതും രോഗവ്യാപനത്തിന്റെ ശക്തി വർദ്ധിക്കുവാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ ആരോഗ്യ സംരക്ഷണത്തിന് മതിയായ പ്രാധാന്യം നൽകാത്തതാണ് ഇപ്പോഴുണ്ടായ ദുരവസ്ഥക്ക് കാരണമെന്നും അഭിപ്രായമുള്ളവരുണ്ട്. കിഴിവുകൾ നൽകിയും, തൊഴിലിടങ്ങളിലെത്താൻ ആളുകളെ നിർബന്ധിച്ചും ഒക്കെ ഹൈസ്ട്രീറ്റിൽ ചലനമുണ്ടാക്കൻ ശ്രമിച്ചതോടെ കൂടുതൽ ആൾക്കാർ പുറത്തിറങ്ങാൻ തുടങ്ങി. ഇത് നിയന്ത്രണങ്ങൾ കൂടുതൽ ദുഷ്‌കരമാക്കി. വ്യാപാര മേഖലേ ഉയർത്താനുള്ള നിരവധി നടപടികൾ കൈക്കൊണ്ടിട്ടും ദിനംപ്രതി ഓരോരോ സ്ഥാപനങ്ങളായി അടച്ചുപൂട്ടുകയാണ്. ചുരുക്കത്തിൽ, സമ്പദ്വ്യവസ്ഥയെ പൂർവ്വസ്ഥിതിയിലാക്കാൻ എടുത്ത നടപടികൾ ഫലം കണ്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തിന് കാരണമാവുകയും ചെയ്തു.
അതേസമയം എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ബ്രിട്ടീഷുകാർ. തിങ്കളാഴ്‌ച്ച മുതൽ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിൽ വരാനിരിക്കെ അവസാന വാരാന്ത്യം ആഘോഷമാക്കാൻ ആയിരങ്ങളാണ് ബാറുകളിലും പബ്ബുകളിലും ഒത്തുകൂടിയത്. ഇളം ചൂടുള്ള അന്തരീക്ഷം ആഘോഷത്തിന് മാറ്റുകൂട്ടിയെങ്കിലും സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ പലയിടത്തും ഉണ്ടായിരുന്നില്ല. ഇത് രോഗവ്യാപനത്തിന്റെ ശക്തി വീണ്ടും വർദ്ധിപ്പിച്ചേക്കാം എന്നൊരു ആശങ്കയും നിലനിൽക്കുന്നു.