ജീവിതം വളരെ ലളിതമാണ് എന്നാൽ നമ്മൾ അത് സങ്കീർണ്ണമാക്കുകയാണ് എന്നാണ് കൺഫ്യുഷസിന്റെ അഭിപ്രായം. അത്തരം സങ്കീർണ്ണതകളണ് ജീവിതത്തിൽ പലപ്പോഴും തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങൾക്ക് കാരണമാകുന്നതും. അതുകൊണ്ടുതന്നെയാണ് ജീവിതം ഒരു വിഢി പറഞ്ഞ കഥയാണെന്ന് ഷേക്സ്പിയർ പറഞ്ഞതും. ഈ വിഢിക്കഥയിൽ വഴിത്തിരിവുകൾ ഉണ്ടാവുക എപ്പോഴെന്നും എങ്ങനെയെന്നും ആർക്കും പറയാനാകില്ല. ചില അവിചാരിത നിമിഷങ്ങളിലെ മാനസിക നിലയായിരിക്കും ഒരുപക്ഷെ പിന്നീടുള്ള മുഴുവൻ ജീവിതത്തിന്റേയും ഗതി നിശ്ചയിക്കുക.

അത്തരത്തിലുള്ള ഏത് മാനസികാവസ്ഥയായിരുന്നു സുധ ശിവാനന്ദം എന്ന 35 കാരിയുടേതെന്നാണ് ഇപ്പോൾ മിറ്റ്ച്ചാം നിവാസികൾ അദ്ഭുതപ്പെടുന്നത്. ആരും കണ്ടാൽ കൊതിക്കുന്ന, അയൽക്കാരുടെയെല്ലാം പൊന്നോമനയായ സയാഗി ശിവാനന്ദം എന്ന അഞ്ചുവയസ്സുകാരിയായ സ്വന്തം മകളുടെ നെഞ്ചിലേക്ക് ആ വലിയ കത്തികുത്തിയിറക്കാൻ അവരെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ആർക്കും ഉത്തരം കിട്ടുന്നില്ല. ഇക്കഴിഞ്ഞ ജൂൺ 30 നായിരുന്നു സംഭവം നടന്നത്.

അയൽക്കാരിയും എൻ എച്ച് എസ് ജീവനക്കാരിയുമായ എൽസ ഗോൺസേലസ് എന്ന 47 കാരിയാണ് ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് സുധയുടെ വീട്ടിലേക്ക് ആദ്യം ഓടിയെത്തുന്നത്. സഹോദരി റിസ മാർഫിലക്കൊപ്പം അവർ അവിടെ എത്തുമ്പോൾ സുധ വയറിലെ മുറിവിൽ നിന്നും ഒലിക്കുന്ന രക്തത്തിൽ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ അടിവസ്ത്രങ്ങൾ മാത്രംധരിച്ച് ചലനമറ്റ് കുഞ്ഞ് സയാഗിയും.അവർ ഉടനെ പൊലീസിനേയും മറ്റും വിവരമറിയിച്ചു. ഇരു ജീവനുകൾ രക്ഷിക്കുക്ക എന്നതിനായിരുന്നു അവർ പ്രാധാന്യം കൊടുത്തത്.

അമ്മയേയും മകളേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലുംകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ സുധ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സ്ഥലത്തെ സൈൻസ്ബറിയിലെ ജീവനക്കാരനായ സുധയുടെ ഭർത്താവ് ശിവാനന്ദം സംഭവം നടക്കുമ്പോൾ ജോലിയിലായിരുന്നു. ഇവർ വളരെ സന്തുഷ്ടമായ ജീവിതമായിരുന്നു നയിച്ചിരുന്നതെന്നാണ് അയൽക്കാർ പറയുന്നത്. ഇവരുടെ വീടിനു കീഴിലുള്ള ക്വിക്ക് മാർട്ട് ഷോപ്പിലെ ഒരു ജീവനക്കാരിയും പറഞ്ഞത് സംഭവത്തിന് രണ്ട് ദിവസം മുൻപ് വരെ അവർ ഷോപ്പിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്തിരുന്നു എന്നാണ്.

അന്വേഷണമേറ്റെടുത്ത പൊലീസിനും ഏറെയൊന്നും മുൻപോട്ട് പോകാനായില്ല. കുഞ്ഞിനെ കൊന്ന ശേഷം സുധ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നല്ലാതെ അതിന്റെ കാരണമോ മറ്റ് വിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അപകട നില തരണം ചെയ്ത സുധ ഇന്നലെ വിംബിൾഡണിലെ മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസിന്റെ വിചാരണക്ക് ഹാജരായി. വീഡിയോ ലിങ്ക് വഴിയാണ് വിചാരണ. ശ്രീലങ്കൻ തമിഴ് വംശജരാണ് സുധയും ശിവാനന്ദവും.