തിരുവനന്തപുരം: യുപി സ്‌കൂൾ അദ്ധ്യാപക തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷ പിഎസ്‌സി സ്വീകരിച്ചില്ലെന്നു പരാതിപ്പെട്ട നൂറ്റിയൻപതോളം ഉദ്യോഗാർഥികൾ, ശരിയായ രീതിയിൽ അപേക്ഷിക്കാത്തതിനാലാണ് പിഎസ്‌സിക്ക് അവ ലഭിക്കാതിരുന്നതെന്നു സാങ്കേതിക സമിതിയുടെ റിപ്പോർട്ട്. അപേക്ഷിച്ചതായി എന്തെങ്കിലും രേഖ ഹാജരാക്കാൻ സാധിക്കുന്നവർക്ക് അവസരം നൽകാൻ തയാറാണെന്നു ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു.

പരാതിപ്പെട്ട ഓരോ ഉദ്യോഗാർഥിയുടെയും പ്രൊഫൈലിലെ വിശദാംശങ്ങൾ സമിതി പരിശോധിച്ചു. അപേക്ഷിച്ചെങ്കിൽ അതിന്റെ സമയവും അപ്ലോഡ് ചെയ്തതിന്റെ വിശദാംശങ്ങളും സാങ്കേതിക വിദഗ്ദ്ധർക്കു കണ്ടെത്താനാകും. പുറത്തു നിന്നുള്ള വിദഗ്ധരും അടങ്ങുന്നതായിരുന്നു അഞ്ചംഗ സാങ്കേതിക സമിതി. ഇനി മുതൽ പിഎസ്‌സിക്ക് അപേക്ഷ നൽകുമ്പോൾ അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കും. തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.

ഇരുനൂറ്റിയൻപതോളം തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി കഴിഞ്ഞ ഫെബ്രുവരി 5 ആയിരുന്നു. ലക്ഷക്കണക്കിന് അപേക്ഷകൾ പിഎസ്‌സിക്കു ലഭിച്ചുവെന്നും സോഫ്റ്റ്‌വെയറിനോ സെർവറിനോ തകരാർ ഉണ്ടായിരുന്നുവെങ്കിൽ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളെ ബാധിക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടി.