ർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം ഇന്ത്യയിൽ കുറ്റകരമാണെങ്കിലും മറ്റു പല രാജ്യങ്ങളിലും അത് ഒരു ആഘോഷമാണ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗമേതെന്ന് വെളിപ്പെടുത്തുവാൻ പലയിടങ്ങളിലും ഗംഭീരമായ പാർട്ടികൾ നടത്താറുണ്ട്. ജെൻഡർ റിവീൽ പാർട്ടികൾ എന്നറിയപ്പെടുന്ന ഇത്തരം പാർട്ടികളിൽ ഒന്നിൽ ഉപയോഗിച്ച ചില കരിമരുന്ന പ്രയോഗങ്ങളായിരുന്നു കാലിഫോർണിയയിലെ കാട്ടുതീക്ക് കാരണമായതെന്ന ആരോപണം ഉയർന്നിരുന്നു. ഏകദേശം 10,000 ഏക്കറിലധികം വനഭൂമിയാണ് ഇങ്ങനെ നശിച്ചത്.

സാധാരണയായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും അടങ്ങുന്ന സദസ്സിൽ സ്വകാര്യ ആഘോഷമായാണ് ഇത്തരം പാർട്ടികൾ നടത്താറുള്ളത്. പിന്നീട് കൺഫെറ്റി കാനൻ അല്ലെങ്കിൽ ബലൂൺ തുറക്കുമ്പോൾ അതിൽ നിന്നും വരുന്ന നിറമാണ് ജനിക്കാൻ പോകുന്ന കുട്ടിയുടെ നിറമെന്തെന്ന് എല്ലാവരേയും അറിയിക്കുക. പിങ്ക്, നീല എന്നീ രണ്ട് നിറങ്ങളാണ് ഇതിന് ഉപയോഗിക്കുക. പിങ്ക് നിറം പെൺകുട്ടിയേയും നീലനിറം ആൺകുട്ടിയേയും സൂചിപ്പിക്കുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ജെൻഡർ റിവീൽ പാർട്ടിയായിരുന്നു യൂട്യുബ് ആരാധകർക്കിടയിൽ ''അനാസല കുടുംബം'' എന്നറിയപ്പെടുന്ന അനാസും ഭാര്യ അസാല മാർവയും സംഘടിപ്പിച്ചത്. യൂട്യുബിൽ 7.5 മില്ല്യൺ സബ്സ്‌ക്രൈബേഴ്സ് ഉള്ള ഇവരുടെ ചാനലിൽ തികച്ചും ഒരു ദൃശ്യവിരുന്നായാണ് ഇത് വന്നത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയായിരുന്നു പാർട്ടിയുടെ പശ്ചാത്തലം.

ദീപാലങ്കാരങ്ങളാൽ സുന്ദരമായ ബുർജ് ഖലീഫയിൽ നിയോൺ വെളിച്ചത്തിൽ പത്തു മുതൽ കൗണ്ട് ഡൗൺ ആരംഭിച്ചു. അപ്പോഴും തങ്ങൾക്ക് തങ്ങളുടെ കുട്ടിയുടെ ലിംഗം ഏതാണെന്ന് അറിയില്ല എന്നാണ് അസാല പറഞ്ഞത്. ഇതെല്ലാം ഒരുക്കിയ ഒരു കുടുംബ സുഹൃത്തിനു മാത്രമായിരുന്നത്രെ അതിനെ കുറിച്ച് അറിവുണ്ടായിരുന്നത്. കൗണ്ട് ഡൗണിനൊടുവിൽ ''അത് ഒരു ആൺകുട്ടിയാണ്'' എന്ന വാക്കുകൾ നീലവെളിച്ചത്തിൽ തെളിഞ്ഞപ്പോൾ അസാല തുള്ളിച്ചാടുകയായിരുന്നു.

കുട്ടി ആണായാലും പെണ്ണായാലും തങ്ങൾ ഒരുപോലെ സ്നേഹിക്കുമെന്നും അനസാല കുടുംബം ആ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരിക്കും ഇതെന്നുമായിരുന്നു അസാല പാർട്ടി ആരംഭിക്കുന്നതിനു തൊട്ടുമുൻപ് പറഞ്ഞത്. ഈ പാർട്ടിയുടെ 15 മിനിറ്റ് നീണ്ടുനിൽക്കുന്ന യൂട്യുബിൽ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം 10 മില്ല്യൺ ആളുകളാണ് ഇത് കണ്ടത്. 1.2 മില്ല്യൺ ലൈക്ക്സും ലഭിച്ചു. ഇതുവരെ 15.5 മില്ല്യൺ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

കാലിഫോർണിയയിലെ കാട്ടുതീക്ക് കാരണമായതിനു ശേഷം ഇത്തരത്തിലുള്ള ജെൻഡർ റിവീലിങ് പാർട്ടികൾക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ജെൻഡർ റിവീൽ പാർട്ടിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന, ബ്ലോഗർ കൂടിയായ ജെന്ന കാർവുനിദിസ് പോലും ഇത്തരത്തിലുള്ള പാർട്ടികൾക്കെതിരെ രംഗത്തുവന്നിരുന്നു. അതിനിടയിലാണ് ഇത്തരത്തിൽ ഒരു പാർട്ടി നടക്കുന്നത്.

ഇത്തരമൊരു പാർട്ടി ഒരുക്കാൻ ഏകദേശം 74,000 പൗണ്ടെങ്കിലും ചെലവഴിച്ചുകാണും എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നതെങ്കിലും തങ്ങൾ ഒരു ചില്ലിക്കാശുപോലും ഇതിനായി ചെലവാക്കിയിട്ടില്ലെന്നാണ് ദമ്പതിമാർ പറയുന്നത്.