കേരളത്തിലെ അത്ലറ്റിക് ട്രാക്കുകളിൽ സ്‌നേഹത്തിന്റെ കരസ്പർശവുമായി ഓടി എത്തുന്ന കാരുണ്യവാനായ ആ ഡോക്ടർ ഇനി ഇല്ല. സ്വന്തം ചെലവിൽ സ്വന്തം കാറിൽ എത്തി കേരളത്തിലെ അത്ലറ്റിക് മീറ്റുകളിൽ, പ്രത്യേകിച്ച് സ്‌കൂൾ കായികമേളകളിൽ വൈദ്യ സഹായവുമായെത്തുന്ന ഡോ. ജോസ് സഖറിയാസ് ഓർമയായി. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹം സ്പോർട്സ് ഡോക്ടർ ആണ്. എന്നാൽ ഡോ. ജോസ് സഖറിയാസ് സംസ്ഥാന അത്ലറ്റിക് ടീം മുൻ നായകനായിരുന്നു എന്ന് പലർക്കും അറിയില്ല.

1968-ൽ കാലിക്കറ്റ് സർവകലാശാല ആദ്യമായി അത്ലറ്റിക് ടീം രൂപീകരിച്ചപ്പോൾ നായകനായിരുന്നു. ദേവഗിരി കോളജ് വിദ്യാർത്ഥിയായിരിക്കെ 1967-ൽ ജോസ് സഖറിയാസ് 400 മീറ്റർ ഹർഡിൽസിൽ സ്ഥാപിച്ച കേരള സർവകലാശാലാ റെക്കോർഡ് (53.2 സെ.മീ) 18 വർഷം തകരാതെ നിന്നു. 4ഃ400 മീറ്ററിൽ വെങ്കലം നേടിയ കേരള റിലേ ടീമിൽ അംഗമായിരുന്നു. 1967-ൽ സീനിയർ ബോയ്സ് 300 മീറ്റർ ഹർഡിൽസിൽ ദേശീയ വെള്ളി നേടിയ ജോസ് ജബൽപുരിൽ അഖിലേന്ത്യാ വാഴ്സിറ്റി മീറ്റിൽ ഏറ്റവും സാങ്കേതിക തികവുള്ള ഹർഡ്ലർ ആയി വിശേഷിപ്പിക്കപ്പെട്ടു. തുടർന്ന് ലോക സർവകലാശാലാ മീറ്റിലും പങ്കെടുത്തു.

ട്രാക്ക് വിട്ട് വരാപ്പുഴയിൽ മെഡിക്കൽ സെന്റർ തുടങ്ങിയ ഡോ. ജോസ് 1987-ലാണ് കായികതാരങ്ങളുടെ പരുക്ക് ചികിത്സിച്ചു തുടങ്ങിയത്. 1993-ൽ സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ഡോക്ടർ ആയിരുന്നു. പി.എം.എഫ്, മോഡേൺ മെഡിസിൻ, ആയുർവേദ എന്നിവയും ഫിസിയോതെറാപ്പിയും സംയോജിപ്പിച്ചായിരുന്നു ചികിത്സ. എത്രയോ കായികതാരങ്ങൾക്കുണ്ടായ പേശി സംബന്ധമായ പരുക്ക് അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി. ഡോ. ജോസിന്റെ മക്കൾ രണ്ടു പേരും എൻജിനീയർമാരാണ്. 72 വയസിൽ അദ്ദേഹം യാത്രയായപ്പോൾ സ്പോർട്സ് മെഡിസിനിൽ 33 വർഷം നടത്തിയ ഗവേഷണങ്ങൾ അന്യമാകുന്നു.