ന്യൂഡൽഹി: കർശനമായ കോവിഡ് നിയന്ത്രണങ്ങളോടെ പാർലമെന്റ് വർഷകാല സമ്മേളനം നാളെ തുടങ്ങും. 11 ഓർഡിനൻസുകൾ അടക്കം 33 നിണായക ബില്ലുകൾ പാസാക്കും. തൊഴിൽരംഗത്ത് സമൂലമാറ്റം നിർദേശിക്കുന്ന മൂന്നു തൊഴിൽ കോഡുകളടക്കം നേരത്തേ അവതരിപ്പിച്ച ബില്ലുകളും പുതുതായി കൊണ്ടുവരുന്ന ബില്ലുകളും കൂട്ടത്തിലുണ്ട്.

കോവിഡ് അടച്ചിടൽവേളയിൽ സാമ്പത്തിക പാക്കേജിന്റെ ഭാഗമായും അല്ലാതെയുമിറക്കിയ 11 ഓർഡിനൻസുകളാണ് പരിഗണനയിലുള്ളത്. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ, പെൻഷൻ ഫണ്ട് റഗുലേറ്ററി ഭേഗതി ബിൽ, അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ബിൽ, വിദേശ സംഭാവന (നിയന്ത്രണം) ഭേദഗതി ബിൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട പുതിയ ബില്ലുകൾ.

ഇന്ത്യ-ചൈന അതിർത്തി സംഘർഷം, കോവിഡിനെത്തുടർന്നുള്ള സ്ഥിതിഗതികൾ, സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി ആഘാതം വിലയിരുത്തൽ കരടുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ ഇരുസഭകളിലും ഉയരും.