ന്യൂഡൽഹി: വിമാനത്തിനുള്ളിൽ ആരെങ്കിലും ഫോട്ടോയെടുത്തതായി കണ്ടെത്തിയാൽ ആ റൂട്ടിൽ ആ വിമാനക്കമ്പനിയുടെ സർവീസ് രണ്ടാഴ്ചത്തേക്ക് നിർത്തിവെപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു. ചണ്ഡീഗഢ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ നടി കങ്കണ റണൗട്ടിന്റെ ഫോട്ടോയെടുക്കാൻ മാധ്യമപ്രവർത്തകർ ശ്രമിച്ചതിനുപിന്നാലെയാണ് ഡി.ജി.സി.എ.യുടെ മുന്നറിയിപ്പ്. ഇത് ചൂണ്ടിക്കാട്ടി ഇൻഡിഗോ എയർലൈൻസിനോട് ഡിജിസിഎ വിശദീകരണം തേടിയിരുന്നു.

സാമൂഹിക അകലം പാലിക്കാതെയും സുരക്ഷ നോക്കാതെയുമുള്ള ഈ പ്രവൃത്തിക്ക് നടപടിയെടുക്കാൻ ഡി.ജി.സി.എ. ഇൻഡിഗോയോടു നിർദേശിച്ചിരുന്നു. വിമാനത്താവളത്തിലും ഫോട്ടോ എടുക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ടെന്നു ഡിജിസിഎ ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ചിത്രങ്ങളെടുക്കാമെങ്കിലും വിമാനത്തിനുള്ളിലോ ലാൻഡിങ്, ടേക്ക് ഓഫ് സമയത്തോ ഇത് അനുവദിക്കില്ല.

ഡി.ജി.സി.എ.യുടെയോ വ്യോമയാന മന്ത്രാലയത്തിന്റെയോ അനുമതി കൂടാതെ വിമാനത്തിനുള്ളിൽ ഫോട്ടോയെടുക്കാൻ അനുവദിക്കരുതെന്നാണ് 1937-ലെ എയർക്രാഫ്റ്റ് ചട്ടത്തിലുള്ളത്. യാത്രാവിമാനത്തിൽ ഇനിമുതൽ ഇത്തരം നിയമലംഘനമുണ്ടായാൽ കർശന നടപടിയെടുക്കുമെന്നാണ് എല്ലാ ആഭ്യന്തര വിമാനക്കമ്പനികളെയും ഡി.ജി.സി.എ. അറിയിച്ചിരിക്കുന്നത്.