കൊറോണാ വൈറസ് വ്യാപനത്തെ തുടർന്ന് തകർച്ചയിലേക്ക് നീങ്ങുന്ന വിമാനക്കമ്പനികൾ പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമത്തിലാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസ് തുടങ്ങിയിരിക്കുകയാണ്. ഒരു എയർപോർട്ടിൽ തന്നെ യാത്ര ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കുന്നു.

ഒക്ടോബർ അവസാനത്തോടെ ഈ സർവ്വീസുകൾ ആരംഭിക്കുവാൻ സാധിക്കുമെന്നാണ് കണക്കുക്കൂട്ടൽ. വീട്ടിൽ നിന്നും ഇറങ്ങി രാജ്യത്തെ ഹോട്ടലുകൾ, ഷോപ്പിങ് വൗച്ചറുകൾ, ലിമോസിൻ ഫെറി റൈഡുകൾ എന്നിവയിൽ അവധിക്കാലം ചെലവഴിക്കാൻ പറ്റുന്ന തരത്തിലാണ് ഈ സർവ്വീസ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ പ്രശസ്ത വിമാനത്താവളമായ ചങ്കി എയർപോർട്ടിൽ നിന്നും ആരംഭിച്ച് മൂന്നു മണിക്കൂർ കൊണ്ട് അവിടെ തന്നെ യാത്ര അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്.

ആഭ്യന്തര വിമാന സർവീസുകൾ നടത്താത്ത സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിനെ കോവിഡ് -19 വളരെയധികം ബാധിക്കുകയും വ്യാഴാഴ്ച 4,300 ജോലികൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. സിംഗപ്പൂർ എയർലൈൻസ്, റീജിയണൽ ആം സിൽക്ക് എയർ, ബജറ്റ് യൂണിറ്റ് സ്‌കൂട്ട് എന്നിവിടങ്ങളിലുടനീളമുള്ള 20 ശതമാനം തൊഴിലാളികളെ കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്.

കോവിഡ് 19 മഹാവ്യാധിയിൽ നിന്നും കരകയറുന്നതിന്റെ ആദ്യ സൂചനയായിരിക്കും ആഭ്യന്തര വിമാന സർവ്വീസുകൾ നൽകുക. വരും വർഷങ്ങളിൽ വെട്ടിക്കുറച്ച സർവ്വീസുകൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ചെറിയ സൂചന കൂടിയായിരിക്കും ഇതു നൽകുന്നത്. എയർബസ് എ -350 വിമാനങ്ങൾ ഉപയോഗിച്ച് വിമാന സർവ്വീസുകൾ നടത്തുന്നതിനെ കുറിച്ച് ആരായുവാൻ സിംഗപ്പൂർ എയർലൈൻസിനെ സമീപിച്ചിട്ടുണ്ടെന്ന് എയർക്രാഫ്റ്റ് ചാർട്ടർ ഫേം സിംഗപ്പൂർ എയർ ചാർട്ടർ ഡയറക്ടറായ സ്റ്റെഫാൻ വുഡ് അറിയിച്ചിരുന്നു.

എന്നാൽ, സിംഗപ്പൂർ എയർലൈൻസ് സ്വന്തമായി വിമാന സർവ്വീസുകൾ നടത്തുവാൻ മാത്രം താൽപര്യപ്പെടുന്നുവെന്ന് അറിയിച്ചതിനാൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ പിന്നീടു തുടരുവാൻ സാധിക്കാതെ പോവുകയായിരുന്നു. സിംഗപ്പൂർ എയർ ചാർട്ടർ നടത്തിയ ഒരു സർവ്വേ അനുസരിച്ച് 75 ശതമാനത്തോളം പേർ ടിക്കറ്റുകൾ വാങ്ങുവാൻ താൽപര്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. ഇതിൽ 45 ശതമാനത്തോളം പേർ ഒരു ഇക്കണോമി ക്ലാസ് ടിക്കറ്റിന് 225 പൗണ്ട് വരെ മുടക്കാൻ തയ്യാറുമാണ്.

പുതിയ യാത്രാ മാർഗം തുറക്കുന്നതോടെ വിമാനത്തിൽ പറക്കുകയെന്ന കൗതുകം ഇല്ലാതെയാകും. മാത്രമല്ല, അവധിക്കാലം ചെലവഴിക്കാനും ലിമോ ട്രാൻസ്ഫേഴ്സിനും എയർപോർട്ട് ഷോപ്പിങ് അനുഭവങ്ങളുമെല്ലാം ആളുകൾ വളരെ വേഗം സ്വീകരിക്കുമെന്നും സ്റ്റെഫാൻ വുഡ് കൂട്ടിച്ചേർത്തു. ഒരു എയർപോർട്ടിൽ സർവ്വീസ് ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളിൽ അവിടെ തന്നെ സർവ്വീസ് അവസാനിപ്പിക്കുന്ന ആദ്യത്തെ എയർലൈൻ സിംഗപ്പൂർ എയർലൈൻസ് അല്ല. മുൻപ് ജപ്പാന്റെ ചില വിമാനക്കമ്പനികളും ഇത്തരത്തിലുള്ള സർവ്വീസുകൾ ആരംഭിച്ചിരുന്നു.