ദുബായ്: ഹോം ക്വാറന്റൈൻ ലംഘിക്കുകയും അക്കാര്യം അറിയിച്ച് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത യുവാവിനെ ദുബായ് പൊലീസ് പൊക്കി. ഹോം ക്വാറന്റൈൻ ലംഘിച്ച് നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച യുവാവ് സ്വന്തം ജീവനോടൊപ്പം മറ്റുള്ളവരുടെ ജീവനും ഭീഷണിയുയർത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹോം ക്വാറന്റീനിലുണ്ടായിരുന്ന യുവാവ് താൻ കോഫി വാങ്ങിക്കാൻ പുറത്തിറങ്ങുന്നു എന്നാണ് വിഡിയോയിൽ അറിയിച്ചത്. ഇതിന് പിന്നാലെ ഇയാളെ പൊലീസ് പിടികൂടുക ആയിരുന്നു. ഇയാളെ പൊലീസിന് കീഴിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായി ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. നിയലമം ലംഘിച്ചു എന്ന് മാത്രമല്ല, യുവാവ് മനപ്പൂർവം അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു എന്ന് അൽ ജല്ലാഫ് വ്യക്തമാക്കി. നിരുത്തരവാദപരമായ പ്രവൃത്തി മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാണെന്ന് പൊതു അഭിപ്രായം ഉയർന്നു. പൊതുജനങ്ങളുടെ സുരക്ഷ ദുബായ് പൊലീസിന്റെ കർത്തവ്യമാണ്. അതിനായി കർശന നിയമമാണ് നടപ്പിലാക്കുന്നത്.

ഹോം ക്വാറന്റൈൻ അടക്കമുള്ള കോവിഡ് സുരക്ഷാ മുൻകരുതൽ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. സൈബർ നിയമ ലംഘകർക്ക് ജയിൽ ശിക്ഷയോ രണ്ട് ലക്ഷത്തിനും 10 ലക്ഷത്തിനുമിടയിൽൽ പിഴയോ ചുമത്തും. പൊതുസുരക്ഷയ്ക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അൽ ജല്ലാഫ് ഓർമിപ്പിച്ചു.