തിരുവനന്തപുരം: രണ്ടുവർഷമോ അതിൽക്കൂടുതലോ കാലമായി തടവിൽക്കഴിയുന്നവരുടെ പെൺമക്കളുടെ വിവാഹത്തിന് സർക്കാർ സഹായധനം. 30,000 രൂപയാണ് സാമൂഹികനീതി വകുപ്പ് സഹായധനമായി നൽകുക. അച്ഛനോ അമ്മയോ തടവിലായാൽ കുടുംബത്തിന്റെ ശോച്യാവസ്ഥ കാരണം പെൺമക്കളുടെ വിവാഹം മുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് തീരുമാനം.

ഒരാളുടെ രണ്ട് പെൺമക്കൾക്കുവരെ ഈ ആനുകൂല്യം ലഭിക്കും. ബി.പി.എൽ. കുടുംബത്തിൽപ്പെട്ടവരായിരിക്കണം. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഒരുവർഷത്തിനകം സഹായത്തിന് അപേക്ഷിക്കാം. ഒരിക്കൽ സഹായം ലഭിച്ചവർ വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം നടത്തിയാൽ സഹായധനത്തിന് അർഹതയുണ്ടാവില്ല.

ജയിൽ സൂപ്രണ്ടുമാർ, അല്ലെങ്കിൽ പ്രൊബേഷൻ ഓഫീസർമാർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ ശുപാർശ പരിശോധിച്ച് സാമൂഹികനീതിവകുപ്പ് ഡയറക്ടർ അപേക്ഷകളിൽ തീരുമാനമെടുക്കും. ഈ വർഷം 20 പേർക്ക് സഹായധനം നൽകാൻ സാമൂഹികനീതി വകുപ്പ് അനുമതി നൽകി.