കൊല്ലം: അഞ്ചുലക്ഷം രൂപയിൽ താഴെ മുടക്കുമുതലുള്ള ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് വേണ്ടാ. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനസർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അഞ്ച് എച്ച്.പി.യിൽ താഴെ ശേഷിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരമുള്ളതുമായ സംരംഭങ്ങൾക്കാണ് ഇളവ്.

കുടുംബശ്രീ യൂണിറ്റുകൾ അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട സംരംഭകർക്ക് തീരുമാനം ആശ്വാസമാകും. ചിപ്‌സ്-പലഹാര നിർമ്മാണ യൂണിറ്റുകൾ, ചെറുകിട വെൽഡിങ് വർക്ഷോപ്പുകൾ, റെഡിമെയ്ഡ് യൂണിറ്റുകൾ എന്നിവ തുടങ്ങുന്നവർക്ക് ഇനി ലൈസൻസിനായി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ടി വരില്ല. പുതിയ തീരുമാനം വന്നതോടെ വീടുകളോടു ചേർന്നും ടെറസുകളിലും മറ്റുമായി ഒട്ടേറെ ചെറുകിട സംരംഭങ്ങൾ ഉയർന്നുവരുമെന്നാണ് വ്യവസായവകുപ്പിന്റെ കണക്കുകൂട്ടൽ.