- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ മൂലമുള്ള വിദേശ യാത്രാ വിലക്കുകൾ സൗദി അറേബ്യ നീക്കുന്നു; ഇത് പൂർണമാവുക ജനുവരി ആദ്യത്തിന് ശേഷം; റീ എൻട്രി, തൊഴിൽ, വിസിറ്റിങ് വിസയുള്ളവർക്ക് സപ്തംബർ 15 മുതൽ തന്നെ വരാം; ഉംറ യാത്ര പിന്നീട്
ജിദ്ദ: സൗദി അറേബ്യയിൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയതും ഇപ്പോഴും നിലനിൽക്കുന്നതുമായ വിദേശ യാത്രാ വിലക്കുകൾ നീക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വൈകീട്ട് അറിയിപ്പ് പ്രസിദ്ധീകരിച്ചു. 2021 ജനുവരി ഒന്നിന് ശേഷമായിരിക്കും വിലക്കുകൾ പൂർണമായി നീങ്ങുക. കൃത്യമായ ദിവസം ജനുവരി ഒന്നിന് മുപ്പതു ദിവസം മുമ്പായി പ്രഖ്യാപിക്കും. അന്ന് മുതലായിരിക്കും വിമാനക്കമ്പനികൾക്ക് പൂർണ തോതിൽ സർവീസ് നടത്താനുള്ള അനുമതി.
അതേസമയം, സപ്തംബർ 15 ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വിദേശ യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ ഭാഗികമായി നീക്കും. സൗദിയുടെ കര, വ്യോമ, നാവിക പ്രവേശന കവാടങ്ങൾ ചൊവ്വാഴ്ച തന്നെ യാത്രക്കാരെ സ്വീകരിച്ചു തുടങ്ങും. പ്രത്യേക വിഭാഗത്തിലുള്ളവർക്കും സാഹചര്യങ്ങളിലുള്ളവർക്കുമാണ് ഞായറാഴ്ച മുതൽ യാത്രാനുമതി പുനഃസ്ഥാപിതമാവുന്നത്. നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ആദ്യഘട്ടം.
തൊഴിൽ വിസ, റീ എൻട്രി വിസ, സന്ദർശന വിസ എന്നിവയുള്ള വിദേശികൾ സപ്തംബർ പതിനഞ്ചു മുതൽ അനുമതി ലഭിക്കുന്ന പ്രത്യേക വിഭാഗക്കാരിൽ ഉൾപ്പെടുന്നു.
യാത്രക്കാർ കൊറോണാ ബാധിതരല്ലെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നേടിയവരായിരിക്കണം. ഇതാകട്ടെ സൗദിയുടെ പ്രവേശന കവാടത്തിലെത്തുന്നതിന് നാല്പത്തിയെട്ടു മണിക്കൂറിലധികം പഴക്കമുള്ളതാകരുത്.
യാത്രാ വിലക്ക് പൂർണമായി നീക്കുന്ന സന്ദർഭത്തിലുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ യാത്രാവേളയിലും വിമാനത്താവള, തുറമുഖ, റെയിൽവേ ടെർമിനലുകളിലും യാത്രക്കാരും വിമാനക്കമ്പനികളും പാലിക്കേണ്ട ആരോഗ്യ, പ്രതിരോധ, മുൻകരുതലുകൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സൗദി ആരോഗ്യ മന്ത്രാലയത്തിനുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പ് വ്യക്തമാക്കി.
അതേസമയം, ഉംറ തീർത്ഥാടകർക്കുള്ള യാത്രാ നിരോധനം നീക്കുന്നത് പടി പടിയായിട്ടായിരിക്കുമെന്നും അക്കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകത്തെങ്ങുമുള്ള സൗദി നയതന്ത്ര കാര്യാലയങ്ങൾ ഉംറ വിസ പതിച്ചു കൊടുത്തു തുടങ്ങിയിട്ടുമില്ല.
അതുപോലെ, കൊറോണാ വ്യാപനം ഇപ്പോഴും തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള മടക്കം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഇപ്പോഴത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇന്ത്യ രൂക്ഷമായ കൊറോണാ ബാധയുള്ള രാജ്യങ്ങളുടെ ഗണത്തിലാണ്.