തൃശൂർ: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വിവരാവകാശ പട്ടികയ്ക്ക് പുറത്ത്. ഹെലികോപ്റ്ററിന്റെ വാടക എത്രയെന്നോ ജീവനക്കാരുടെ ശമ്പളം എത്ര എന്നോ തുടങ്ങി ഒരു വിവരങ്ങളും സർക്കാർ പുറത്തേക്ക് വിടില്ല. ചോദിച്ചാൽ 'കോൺഫിഡൻഷ്യൽ' എന്നു പൊലീസ് വകുപ്പിന്റെ ഉത്തരം വരും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ വിവരം രഹസ്യമെന്നു മറുപടി നൽകിയത്. ഇതെക്കുറിച്ചുള്ള വിവരങ്ങളുള്ള പൊലീസ് ആസ്ഥാനത്തെ കോൺഫിഡൻഷ്യൽ ബ്രാഞ്ചിനെ വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്.

ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട കരാറിന്റെ പകർപ്പ്, ചെലവായ തുക, ജീവനക്കാരുടെ ശമ്പളം, കോപ്റ്ററിൽ നടത്തിയ യാത്രകൾ, യാത്രകളുടെ ഉദ്ദേശ്യം, കോപ്റ്റർ ഉപയോഗിച്ചു നക്‌സൽ ബാധിത മേഖലകൾ സന്ദർശിച്ചിട്ടുണ്ടോ, ആഭ്യന്തര സുരക്ഷയ്ക്ക് ഉപകരിക്കുന്ന വിധത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നീ ചോദ്യങ്ങൾ ഉന്നയിച്ച് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് അപേക്ഷ നൽകിയത്.