ഗ്രാമത്തിൽ വെള്ളമെത്തിക്കാൻ മലഞ്ചരുവിൽ നിന്നും കനാൽ വെട്ടിത്തെളിച്ച് കർഷകൻ. തന്റെ കാലം കഴിഞ്ഞാലും ഗ്രാമത്തിൽ വെള്ളം കിട്ടണം എന്ന മോഹത്തോടെ മലമുകളിൽ നിന്നും മൂന്ന് കിലോമീറ്റർ നീളമുള്ള കനാലാണ് ലോങ്കി ഭുയാൻ എന്ന കർഷകൻ ഒറ്റയ്ക്ക് വെട്ടി തെളിച്ചത്. 30 വർഷത്തെ അധ്വാനത്തിനൊടുവിലാണ് ലോങ്കി കനാൽ തീർത്ത് മലമുകളിൽ നിന്നും താഴ് വരയിൽ വെള്ളം എത്തിച്ചത്.

ബിഹാറിലെ കോതിൽവാ ഗ്രാമത്തിലാണ് ലോങ്കി എന്ന കർഷകനുള്ളത്. കൃഷിയും കന്നുകാലി വളർത്തുലുമാണ് ഇവിടുത്തെ കർഷകരുടെ പ്രധാന ജീവിതമാർഗം. എന്നാൽ വെള്ളത്തിന്റെ അപര്യാപ്തത കാരണം ഗ്രാമവാസികളിൽ പലരും കൃഷി ഉപേക്ഷിച്ചു. ഗ്രാമീണർ തൊഴിൽ തേടി നഗരങ്ങളിലേക്കു പോയപ്പോൾ ലോങ്കി ഭുയാൻ തന്റെ കാലികളുമായി കാട്ടിലേക്ക് പോയി. പശുക്കളെ മേയാൻ വിട്ടിട്ട് ലോങ്കി മലഞ്ചെരുവുകളിൽ നിന്ന് കനാൽ വെട്ടിയൊരുക്കാൻ തുടങ്ങി. 30 വർഷം കൊണ്ട് കനാൽ പൂർത്തിയായി. മഴക്കാലത്തു മലനിരകളിൽ നിന്നു കുത്തിയൊലിച്ചു പോകാറുള്ള വെള്ളം ഇന്ന് ഈ കനാലിലൂടെ താഴ്‌വരയിലുള്ള കുളത്തിൽ സംഭരിക്കപ്പെന്നു.

ആരുടേയും സഹായമില്ലാതെയാണ് കനാലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ചുറ്റും മലനിരകളും കാടും തിങ്ങിനിറഞ്ഞ പ്രദേശമാണ് കോതിൽവാ ഗ്രാമം. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു ഇത്. സ്വന്തം നേട്ടങ്ങൾക്കായല്ല ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയായിരുന്നു ലോങ്കിയുടെ പ്രയത്‌നമെന്ന് ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നു. നാടിനും നാട്ടുകാർക്കും കാട്ടിലെ മൃഗങ്ങൾക്കും തെളിനീർച്ചോലയാണ് ലോങ്കിയുടെ കനാൽ. വേനലിൽ ജലസമൃദ്ധിയുള്ള കുളവും. ഗയയിലെ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റർ അകലെയുള്ള വനമേഖലയാണ് കോതിൽവ എന്ന ലോങ്കിയുടെ ഗ്രാമം.