ജയ്പുർ: കോവിഡ് 19 പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് രാജസ്ഥാൻ എംപി. ഹനുമാൻ ബെനിവാൾ. ആദ്യ പരിശോധനയിൽ കോവിഡ് പോസിറ്റീവാകുകയും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും നടത്തിയ അതേ പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തതോടെയാണ് കോവിഡ് പരിശോധനയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് അദ്ദേഹം രംഗത്ത് എത്തിയത്. നാഗോർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി. തനിക്ക് ലഭിച്ച രണ്ടു പരിശോധനാ ഫലങ്ങളുടെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി അംഗങ്ങൾക്ക കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. തുടർന്ന് ഐ.സി.എം.ആറിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായി. തുടർന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാതെ നാട്ടിലേക്ക് മടങ്ങിയ ഹനുമാൻ ബെനിവാൾ ജയ്പുർ സവായ് മാൻ സിങ് ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്ന് ലഭിച്ച പരിശോധനാഫലം നെഗറ്റീവായി.

രണ്ടുദിവസത്തെ ഇടവേളയിലാണ് എംപി. പരിശോധന നടത്തിയത്. രണ്ടും ആർടി-പിസിആർ പരിശോധനകളായിരുന്നു. ആന്റിജൻ പരിശോധനയേക്കാൾ വിശ്വാസ്യതയുണ്ടെന്ന് കണക്കാക്കുന്ന പരിശോധനയാണ് ആർടി-പിസിആർ.

'ലോക്സഭ പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ഞാൻ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തി. മടങ്ങിയെത്തി ജയ്പുർ എസ്.എം.എസ്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഞാൻ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപരിശോധനാഫലങ്ങളും ഞാൻ പങ്കുവെക്കുന്നു. ഇതിൽ ഏതാണ് പരിഗണിക്കേണ്ടത്?' പരിശോധനാഫലങ്ങൾ പങ്കുവെച്ചുകൊണ്ട് എംപി. ചോദിച്ചു.

പാർലമെന്റ് സമ്മേളനത്തിന് മുമ്പായി നടത്തിയ നിർബന്ധിത കോവിഡ് പരിശോധനയിൽ 25 അംഗങ്ങൾ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. 25 പേരിൽ 17 പേർ ലോക്സഭാംഗങ്ങളാണ്. ഇവരിൽ ബിജെപിയിലെ 12 പേർ, വൈ.ആർ.എസ്. കോൺഗ്രസിലെ രണ്ടുപേർ, ശിവസേന, ഡി.എം.കെ.യിലെ ഓരോരുത്തർ വീതവും പോസിറ്റീവാണെന്ന് കണ്ടെത്തി.