സ്റ്റോപ്പുകളിൽ നിർത്താത്ത കെ എസ് അർ ടി സി ബസ്സുകൾക്ക് പുറകേ നിർത്താതെ ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക്. ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്നിടത്ത് എത്താൻ കഴിയാത്തതിലുള്ള വിഷമവും അതുകൊണ്ട് തന്നെ മലയാളികൾക്ക് നനായി അറിയാം. ഒരു യാത്രക്കിറങ്ങി, സ്റ്റേഷനിലോ ബസ്സ്സ്റ്റാൻഡിലോ എത്തുമ്പോൾ പ്രതീക്ഷിച്ച വണ്ടി നമുക്ക് മുന്നിലൂടെ പോകുന്നതുകണ്ടാലുള്ള പരിഭ്രമം ഊഹിക്കാവുന്നതല്ലേയുള്ളു. ഇതാ, ഇവിടെ തനിക്ക് പോകേണ്ട ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അതിൽ കയറിപ്പറ്റാൻ ഒരാൾ ജീവൻ പണയം വെച്ചു കാണിച്ച അതിസാഹസം നോക്കുക.

മരണത്തെ പോലും കൂസാതെയുള്ള ഈ സാഹസത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് ബ്രൂക്ക്ലിനിലെ ബ്രോഡ്വേ ജംഗ്ഷൻ സബ്വേ സ്റ്റോപ്പിൽ ഈ സംഭവം അരങ്ങേറിയത്. കിങ് സ്പൈഡർ എന്ന് സമൂഹമാധ്യമങ്ങളിൽ വിളിപ്പെര് വീണ ഈ മനുഷ്യൻ ഒരു പ്ലാറ്റ്ഫോമിൽ നിന്നും ട്രാക്കുകളും ഇലക്ട്രിഫൈഡ് റെയിലും മറികടന്ന് അടുത്ത പ്ലാറ്റ്ഫേമിലാണ് ഒരൊറ്റ ചാട്ടത്തിൽ എത്തിയത്. പിന്നീട് തലകുത്തിമറഞ്ഞ്, തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്തേക്കും.

ട്രെയിനിനകത്ത് കയറിയ ഇയാൾ തന്റെ ഫേസ് മാസ്‌ക് അല്പമൊന്നു മാറ്റി തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ തല കുലുക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന ഒരു ചെറിയ കൂട്ടം ആളുകൾ അയാളെ അഭിനന്ദിക്കുന്നുമുണ്ട്. ഈ അതിസാഹസികതയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഈ യുവാവിനെതിരെ നിയമനടപടികൾ എടുക്കണമോ എന്ന കാര്യത്തെ കുറിച്ച് പൊലീസിന്റെ പക്കൽ നിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഈ അതിസാഹസികത ഒരു കുറ്റം തന്നെയാണെങ്കിലും നിയമനടപടികൾക്ക് സാധ്യത ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്.

ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികൾ നിയമവിരുദ്ധമാണെങ്കിലും അയാളെ ശിക്ഷിക്കാൻ വേണ്ടത്ര വകുപ്പുകൾ ഇല്ല എന്നാണ് ചില പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇതുപോലുള്ള സംഭവങ്ങളിൽ നേരത്തേ പലർക്കും അപകടങ്ങൾ നേരിട്ടിട്ടുണ്ട്.കഴിഞ്ഞയാഴ്‌ച്ച നടന്ന ഈ സംഭവം ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോസ്റ്റ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

പലരും ഇയാളെ വിഢി എന്നാണ് വിളിച്ചത്. ചിലർ ഇയാളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും വീണ്ടുവിചാരമില്ലാത്ത പ്രവർത്തി എന്ന് ഇതിനെ കുറ്റപ്പെടുത്തുകയാണ്.