ജിദ്ദ: സൗദിയിൽ രാജ്യാന്തര യാത്രകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് മുതൽ ഭാഗികമായി നീങ്ങും. ഇതനുസരിച്ച് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരെ വിശദമായ പരിശോധനകൾക്കു ശേഷം കോവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുക.

വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ കോവിഡ് മുക്തരല്ലെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളിൽ ഇഷ്യൂ ചെയ്തതുമായ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളിൽ ഹാജരാക്കണം. തിരിച്ചെത്തിയ തീയതി മുതൽ ഏഴു ദിവസം ഹോം ക്വാറന്റീനിൽ കഴിയാമെന്ന പ്രതിജ്ഞയും ഒപ്പിട്ടു നൽകേണ്ടതാണ്. എട്ടു മണിക്കൂറിനുള്ളിൽ 'തത്മൻ' ആപ്ലിക്കേഷനിൽ താമസസ്ഥലം നിർണയിക്കുക തുടങ്ങിയവ മടങ്ങി വരുന്നവർക്കായി നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികളിലുൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.

കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഈ വർഷം മാർച്ചിലാണ് സൗദി വിമാന സർവിസുകൾ നിർത്തലാക്കിയത്. ഏഴു മാസത്തോളമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകളാണ് ഇന്ന് രാവിലെ ആറു മുതൽ ഭാഗികമായി പുനരാരംഭിക്കാൻ പോകുന്നത്. രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീങ്ങുന്നതോടെ പല വിമാന കമ്പനികളും സൗദിയിലേക്ക് സർവ്വീസ് നടത്താനുള്ള ഒരുക്കത്തിലാണ്. ജനുവരി ഒന്നിന് മുഴുവൻ പ്രവേശന കവാടങ്ങളും പൂർണമായും തുറക്കുന്നതോടെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകൾ പൂർവസ്ഥിതിയിലാകും.