ബെംഗളൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവു കടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും സഹോദരനെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ഇരിട്ടി ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുബിലാഷിനേയും സഹോദരൻ സുബിത്തിനേയുമാണ് മൈസൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വദേശമായ കോളിക്കടവിൽ നിന്ന് തിങ്കളാഴ്ച രാത്രി മൈസൂരുവിൽ എത്തിച്ച ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽ നിന്ന് 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് മൈസൂരു പൊലീസ് അന്വേഷണം വിപുലമാക്കിയതോടെയാണ് ഇരുവരും പിടിയിലായത്. ഈ കേസിൽ കൂടുതൽ പേർ പൊലീസിന്റെ വലയിലായിട്ടുണ്ട്.

108 ആംബുലൻസ് ഡ്രൈവറായ സുബിലാഷ് സിഐടിയു ആംബുലൻസ് ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന ട്രഷറർ കൂടിയാണ്. ഇരിട്ടി പൊലീസിൽ ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ ഉൾപ്പെട്ട മൈസൂരുവിലെ ലഹരികടത്തു സംഘമാണ് കേരളത്തിലേക്കുള്ള കഞ്ചാവു കടത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.