തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ വക്കീൽ നോട്ടീസ്. സമൂഹമധ്യത്തിൽ മനഃപൂർവം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ട് കെട്ടിച്ചമച്ചതും പച്ചക്കള്ളവുമായ ആരോപണങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിച്ചുവെന്നു കാട്ടിയാണ് നോട്ടീസ്.

പ്രതിപക്ഷ നേതാവ് പറഞ്ഞ മുഴുവൻ കാര്യങ്ങളും പിൻവലിക്കണം. നോട്ടീസ് കിട്ടി രണ്ടുദിവസത്തിനകം വാർത്താസമ്മേളനം നടത്തി ആരോപണങ്ങൾ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനൽ, സിവിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇന്ദിര അയച്ച നോട്ടീസിൽ പറയുന്നു.

മകനെക്കുറിച്ചുള്ള വാർത്ത വന്നതിനു പിന്നാലെ ബാങ്കിൽ പോയി ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് കള്ളമാണ്. ബാങ്കിൽ പോകുന്ന അവസരത്തിൽ കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം താൻ ക്വാറന്റീനിൽ പോകേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ വാദം ശരിയല്ല. അങ്ങനെ കോവിഡ് പ്രോട്ടോകോളിൽ പറയുന്നില്ലെന്നും പി.കെ. ഇന്ദിര നോട്ടീസിൽ പറഞ്ഞു.

സ്ത്രീയെന്ന പരിഗണനപോലും നൽകാത്ത തരത്തിൽ ഹീനമായ പരിഹാസവും പരാമർശങ്ങളുമാണ് പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായത്. മകനെതിരായ ആരോപണങ്ങൾക്കെതിരേ മകൻ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കി.