മലപ്പുറം: ഓഹരി നിക്ഷേപത്തിന്റെ പേരിൽ പലരിൽ നിന്നായി പിരിച്ചെടുത്ത 20 കോടി രൂപയുമായി ദമ്പതികൾ മുങ്ങിയതായി പരാതി. മലപ്പുറം വലിയപറമ്പ് ചെറുമുറ്റം സ്വദേശി വലപ്പെട്ടിയിൽ നാസർ, ഭാര്യ സാജിത എന്നിവരാണ് നാട്ടുകാരെ പറ്റിച്ച് കാശുമായി മുങ്ങിയത്. ദമ്പതികളുടെ വാചകമടിയിൽ വിശ്വസിച്ച് പണം നിക്ഷേപിച്ച നൂറുകണക്കന് ആളുകൾക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി വാഴക്കാട് പൊലീസ് പറഞ്ഞു.

എടവണ്ണപ്പാറയിൽ 2013ൽ ആരംഭിച്ച ഒരു ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണു നിക്ഷേപങ്ങൾ സ്വീകരിച്ചതും തട്ടിപ്പു നടന്നതും. ലാഭവിഹിതം ലഭിക്കാതെ വന്നതോടെ ഇടപാടുകാരിൽ ചിലർ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ദമ്പതികൾ മുങ്ങുകയായിരുന്നു. ഇരുവർക്കും വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വാഴക്കാട്, പുളിക്കൽ, ചീക്കോട് പഞ്ചായത്തുകളിലെ 420 പേരിൽനിന്ന് നിക്ഷേപം സീകരിച്ചതായാണ് പൊലീസിനു ലഭിച്ച വിവരം.

സുന്ദരമായി സംസാരിച്ചിരുന്ന ഇരുവരുടേയും വാചകമടിയിൽ വിശ്വസിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. നിക്ഷേപത്തിന്റെ 60% ട്രഷറിയിലും 40% ഓഹരികളിലും നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. സ്വന്തം പേരിലുള്ള ബാങ്ക് ചെക്ക് ഗാരന്റിയായി നൽകി. അത്യാവശ്യം നല്ല സാമ്പത്തിക ചുറ്റുപാടുള്ളവരിൽ നിന്നാണ് ഇവർ പണം നിക്ഷേപമായി സ്വീകരിച്ചത്. അതിനാൽ തന്നെ പലരും നല്ലൊരു തുക തന്നെ നിക്ഷേപമായി നൽകി.

ഇടപാടുകാർക്ക് തുടക്കത്തിൽ പ്രതിമാസം 23 % ലാഭവിഹിതം ലഭിച്ചിരുന്നു. ഏതാനും വർഷങ്ങളായി ലാഭവിഹിതം മുടങ്ങിയതോടെ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് 20 കോടി രൂപയുടെ തട്ടിപ്പു നടന്നതായി പുറം ലോകം അറിയുന്നത്.